ദൃശ്യവും ഭീഷ്മ പർവവും മറികടന്ന് ജയിലർ; കളക്ഷൻ റിപ്പോർട്ട് ഇതാ.

Advertisement

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ കേരളത്തിലെ ബോക്സ് ഓഫീസ് താണ്ഡവം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. യുവാക്കളുടേയും കുടുംബ പ്രേക്ഷകരുടേയും നിറഞ്ഞ പിന്തുണയോടെ മുന്നേറുന്ന ഈ ചിത്രം ഓണക്കാലത്തും കേരളത്തിലെ തീയേറ്ററുകളിൽ നിറയുമെന്ന് തന്നെയാണ് തീയേറ്റർ ഉടമകളും പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ പതിനൊന്ന് ദിവസത്തെ കേരളാ കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകയാണ്. കേരളത്തിൽ നിന്ന് ഇതിനോടകം 46 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഈ ചിത്രം, മോഹൻലാൽ നായകനായ ദൃശ്യം (44 കോടി), മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം (46 കോടി) എന്നിവയുടെ കേരളാ ഗ്രോസ് മറികടന്നു. മാത്രമല്ല, കേരളത്തിൽ നിന്ന് 50 കോടി ഗ്രോസ് നേടുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോർഡും വൈകാതെ ജയിലർ സ്വന്തമാക്കും. 40 കോടി ഗ്രോസ് കേരളത്തിൽ നിന്നും നേടിയ കമൽ ഹാസൻ ചിത്രം വിക്രമായിരുന്നു നേരത്തെ മുന്നിൽ.

Advertisement

ഇനി കേരളത്തിൽ ജയിലറിന് മുന്നിലുള്ളത് ഇവിടെ നിന്ന് 66 കോടി നേടിയ ലൂസിഫർ, 67 കോടി നേടിയ കെ ജി എഫ് 2 , 74 കോടി നേടിയ ബാഹുബലി 2 , 86 കോടി നേടിയ പുലി മുരുകൻ, 89 കോടി നേടിയ 2018 എന്നിവയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ നിർമ്മിച്ചത് സൺ പിക്ചേഴ്സും, ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസുമാണ്. മലയാള നടൻ വിനായകൻ വില്ലൻ വേഷം ചെയ്ത ഈ ചിത്രത്തിൽ, മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ അതിഥി വേഷവും ചെയ്തിട്ടുണ്ട്. മോഹൻലാൽ- രജനികാന്ത് ആദ്യമായി ഒന്നിച്ചു എന്നതും, മോഹൻലാൽ എന്ന നടന്റെ കഥാപാത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയതും ഈ ചിത്രത്തിന്റെ കേരളത്തിലെ മഹാവിജയത്തിൽ വലിയ പങ്ക് വഹിച്ചു എന്നാണ് വിതരണക്കാരായ ഗോകുലം മൂവീസും അതുപോലെ കേരളത്തിലെ തീയേറ്റർ ഉടമകളും സാക്ഷ്യപ്പെടുത്തുന്നത്. ഏതായാലും കേരളത്തിൽ പുതിയ ചരിത്രം കുറിക്കുന്ന വിജയമായി ജയിലർ മാറിക്കഴിഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close