മമ്മൂട്ടി ആരാധകർ ഏറെ കാത്തിരുന്ന പ്രഖ്യാപനമാണ് ഇന്ന് വന്നത്. സൂപ്പർ ഹിറ്റായ മമ്മൂട്ടി- വൈശാഖ് ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗം എത്തുകയാണ്. ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ലെങ്കിലും അതിലെ മമ്മൂട്ടി കഥാപാത്രമായ രാജയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് ഒരുക്കാൻ പോകുന്ന ചിത്രമാണ് മധുര രാജ. ഉദയ കൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നെൽസൺ ഐപ്പ് ആണ് നിർമ്മിക്കുന്നത്. ഉദയ കൃഷ്ണയുടെ യു കെ സ്റ്റുഡിയോസ് ഈ ചിത്രം കേരളത്തിൽ അടുത്ത വർഷം വിഷുവിനു റിലീസ് ചെയ്യും. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലൻ ആയി എത്തുന്നത് തെലുങ്കിലെ പോപ്പുലർ താരമായ ജഗപതി ബാബു ആണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ, മോഹൻലാൽ ചിത്രം പുലിമുരുകനിലെ വില്ലനായി ആണ് ജഗപതി ബാബു മലയാളത്തിൽ എത്തിയത്. അതിനു ശേഷം അദ്ദേഹം പ്രണവ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ആദിയിലും അഭിനയിച്ചു.
ഇപ്പോഴിതാ പുലി മുരുകന് ശേഷം വീണ്ടും വൈശാഖിനും ഉദയ കൃഷ്ണക്കും ഒപ്പം അദ്ദേഹം മലയാളത്തിൽ എത്തുന്നത് മമ്മൂട്ടിയുടെ മധുര രാജയുടെ വില്ലൻ ആയിട്ടാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം മൂന്നു ഷെഡ്യൂൾ ആയി 120 ദിവസം ഷൂട്ട് ചെയ്യും. ഈ വർഷം ഓഗസ്റ്റ് ഒമ്പതിന് മധുര രാജയുടെ ഷൂട്ടിങ് ആരംഭിക്കാൻ ആണ് തീരുമാനം. പുലി മുരുകൻ, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് സംഘട്ടനം നിർവഹിച്ച പീറ്റർ ഹെയ്‌ൻ ആണ് ഇതിലും സംഘട്ടനം ഒരുക്കുന്നത്. അതുപോലെ ഷാജി കുമാർ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുമ്പോൾ എഡിറ്റിംഗ് നിർവഹിക്കുന്നത് ജോൺകുട്ടി ആണ്. തമിഴ് യുവ താരം ജയ് ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഒരു മുഴുനീള വേഷം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ. ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, ബിജു കുട്ടൻ, ധർമജൻ, നോബി, ബാല, മണിക്കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കും.