പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയാലും ‘വാരിയംകുന്നന്‍’ നടക്കും എന്ന് നിർമ്മാതാക്കൾ; ചിത്രം എത്തുന്നത് രണ്ടു ഭാഗങ്ങളായി..!

Advertisement

പ്രഖ്യാപിച്ച സമയം മുതൽ ഏറെ വിവാദം സൃഷ്‌ടിച്ച ഒരു മലയാള സിനിമയാണ് വാരിയംകുന്നന്‍. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി മലബാർ വിപ്ലവമെന്ന ചരിത്ര സംഭവത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത് ആഷിക് അബു ആണ്. ഹർഷദ്, റമീസ് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിക്കാനിരുന്നത് കോമ്പസ് മൂവീസ് ലിമിറ്റഡ്, ഒ പി എം സിനിമാസ് എന്നിവയുടെ ബാനറിൽ സിക്കന്തർ, മൊയ്‌ദീൻ എന്നിവരാണ്. എന്നാൽ ഒട്ടേറെ പ്രതിഷേധങ്ങൾ ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടും അതിനു ശേഷം രചയിതാവിന്റെ രാഷ്ട്രീയ പരാമര്ശങ്ങളുമായി ബന്ധപ്പെട്ടും സംഭവിക്കുകയുണ്ടായി. ഇപ്പോഴിതാ, തങ്ങൾ ഈ ചിത്രത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് അറിയിച്ചു കൊണ്ട് നായകൻ പൃഥ്വിരാജ് സുകുമാരനും സംവിധായകൻ ആഷിക് അബുവും രംഗത്ത് വരികയും ചെയ്തു. എന്നാൽ അത് നിർമ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് എന്നാണ് ആഷിക് അബു വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ തങ്ങളുടെ പ്രതികരണം അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ നിർമ്മാതാക്കളും മുന്നോട്ടു വന്നു കഴിഞ്ഞു.

നായകനും സംവിധായകനും പിന്മാറിയെങ്കിലും ഈ ചിത്രം നടക്കുമെന്നും രണ്ടു ഭാഗങ്ങൾ ആയാവും ഈ ചിത്രം പുറത്തു വരിക എന്നും നിർമ്മാതാക്കൾ പുറത്തു വിട്ട പത്രക്കുറിപ്പിൽ പറയുന്നു. അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും പിന്നീട് പ്രഖ്യാപിക്കുമെന്നും കോംപസ് മൂവീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അവർ വെളിപ്പെടുത്തി. വാരിയംകുന്നന്‍ എന്ന സിനിമാപദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷത്തോളമായി എന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ് എന്നും അവർ പറയുന്നു. ഇന്ത്യയിലെ തന്നെ മികച്ച ടെക്നീഷ്യന്മാരുമായും ചലച്ചിത്രതാരങ്ങളുമായും ഈ പദ്ധതി വിവിധ ഘട്ടങ്ങളില്‍ ധാരണയായിട്ടുണ്ട് എന്നും അവർ വ്യക്തമാക്കുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്‍റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയും ഇതേ കഥയെ ആധാരമാക്കി പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളാണ്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close