
മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ബോളിവുഡ് സിനിമയെ കുറിച്ച് പറഞ്ഞ അഭിപ്രായങ്ങൾ ഇപ്പോൾ മികച്ച ശ്രദ്ധയാണ് നേടുന്നത്. ഫിലിം കമ്പാനിയന്റെ ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് അഡ്ഡയിൽ വെച്ചാണ് പൃഥ്വിരാജ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ബോളിവുഡിന് ഉണ്ടായ ക്ഷീണത്തെ കുറിച്ചും അതിനുള്ള കാരണത്തെ കുറിച്ചുമൊക്കെ മനസ്സ് തുറന്നത്. നിര്‍മാതാവ് സ്വപ്‌ന ദത്ത് ചലസാനി, സംവിധായകരായ ഗൗതം വാസുദേവ് മേനോന്‍, ലോകേഷ് കനകരാജ്, എസ്.എസ്. രാജമൗലി, നടനും സംവിധായകനുമായ കമല്‍ ഹാസന്‍ എന്നിവരും ഈ ചർച്ചയിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പങ്കെടുത്തു. ഈ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ തെന്നിന്ത്യൻ സിനിമ മഹാവിജയങ്ങൾ സമ്മാനിച്ചപ്പോൾ, ഒരു ഇൻഡസ്ട്രി എന്ന നിലയിൽ വലിയ വിജയങ്ങൾ ലഭിക്കാതെ ബോളിവുഡ് കിതക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. കൊമേർഷ്യൽ സിനിമകൾ ചെയ്യുമ്പോൾ എന്താണ് ഇപ്പോൾ ബോളിവുഡിനെ ബാധിക്കുന്നത് എന്നത് ഒരു ചോദ്യമായി പലരുടെയും മനസ്സിലുണ്ട്. ഒരിടവേളക്ക് ശേഷം ഇപ്പോൾ ബോളിവുഡിലുണ്ടായ വമ്പൻ ഹിറ്റായ ദൃശ്യം 2 പോലും ഒരു മലയാള സിനിമയുടെ ഹിന്ദി റീമേക്കാണ്.
ഇതിനെ കുറിച്ച് പൃഥ്വിരാജ് പറയുന്നത്, കുറച്ചു വർഷങ്ങൾക്ക് മുൻപ്, ഇത്തരം വലിയ വിജയങ്ങൾ ബോളിവുഡിന് എങ്ങനെ ഉണ്ടാക്കാൻ സാധിക്കുന്നു എന്ന് തങ്ങൾ ഉൾപ്പെടുന്ന സൗത്ത് ഇന്ത്യൻ സിനിമാ പ്രവർത്തകർ ചിന്തിച്ചിട്ടുണ്ടെന്നും, ഇപ്പോൾ ബോളിവുഡിന് സംഭവിച്ച വീഴ്ച, ഒരു വമ്പൻ ഹിന്ദി ചിത്രം നേടുന്ന വലിയ വിജയത്തോടെയോ അതിനു പിന്നാലെ വരാൻ സാധ്യതയുള്ള ചില വിജയങ്ങളുടെയോ ഒപ്പം ഇല്ലാതെയാവുമെന്നും പൃഥ്വിരാജ് പറഞ്ഞു. വീഴ്ചയിൽ നിന്ന് കരകയറ്റുന്ന തരത്തിലുള്ള, സൗത്ത് ഇന്ത്യൻ സിനിമകളുടെ വിജയത്തോട് കിടപിടിക്കുന്ന തരത്തിലുള്ള, ഒരു മഹാവിജയം ചിലപ്പോൾ അടുത്ത് തന്നെ ബോളിവുഡിന് ലഭിക്കാൻ സാധ്യതയുള്ളത് ഷാരൂഖ് ഖാൻ നായകനായ പത്താനിലൂടെയാവാം എന്നും പൃഥ്വിരാജ് വിശദീകരിച്ചു. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിൽ ജോൺ എബ്രഹാം, ദീപിക പദുകോൺ, അതിഥി വേഷത്തിൽ സൽമാൻ ഖാൻ എന്നിവരുമെത്തുന്നുണ്ട്.