താൻ പണ്ടും ഇപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ ആവർത്തിച്ചു വ്യക്തമാക്കുന്നു. കടുവ സിനിമയുടെ പ്രചരണാർത്ഥം തിരുവനന്തപുരത്തു വെച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് പൃഥ്വിരാജ് തന്റെ നയം ഒരിക്കൽ കൂടി വ്യക്തമാക്കിയത്. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും അത്കൊണ്ട് തന്നെ നടിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. വിജയ് ബാബു അമ്മ യോഗത്തിൽ പങ്കെടുത്തതിൽ അഭിപ്രായം പറയാന്‍ താൻ ആളല്ലെന്നും ആ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ച് തനിക്കു പറയാൻ സാധിക്കില്ലെന്ന് പറഞ്ഞ പൃഥ്വിരാജ്, അമ്മ സംഘടന ചാരിറ്റബിൾ സൊസൈറ്റി ആയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും, രജിസ്‌ട്രേഷൻ മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നും വിശദീകരിച്ചു. ഇടവേള ബാബു അമ്മ ഒരു ക്ലബ് ആണെന്ന നിലയിൽ നടത്തിയ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പൃഥ്വിരാജ് ഇങ്ങനെ പ്രതികരിച്ചത്.
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഒട്ടേറെ ചിത്രങ്ങൾ ചെയ്തിട്ടുണ്ടെന്നും, ആ സുഹൃത് ബന്ധം ഉള്ളത് കൊണ്ട് തന്നെ അവർക്കു സംഭവിച്ച കാര്യങ്ങൾ നേരിട്ട് തന്നെ താൻ അറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ പൃഥ്വിരാജ്, അവള്‍ക്കൊപ്പമാണ് താനെന്നും, അവരുടെ യാത്രയില്‍ താൻ മാത്രമല്ല, അവരോടൊപ്പം വര്‍ക്ക് ചെയ്ത എല്ലാവരും ഒപ്പമുണ്ടാകുമെന്നും പറയുന്നു. കടുവയിലെ വിവാദ രംഗങ്ങള്‍ നീക്കുമെന്നും ഈ പത്ര സമ്മേളനത്തിൽ പൃഥ്വിരാജ് അറിയിച്ചു. തങ്ങൾക്കു ഒരു തെറ്റ് സംഭവിച്ചതാണെന്നും അതിനു മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പ്രസ് മീറ്റിൽ വിശദീകരിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ കടുവയിലെ ഒരു ഡയലോഗ് വലിയ വിവാദമായി മാറിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.