പ്രതിസന്ധിയിൽ വീണ്ടും മലയാള സിനിമ; തീയേറ്ററിൽ ആളുകൾ കുറയുന്നു

Advertisement

രണ്ടു വർഷം നീണ്ട കോവിഡ് പ്രതിസന്ധിക്കു ശേഷം വീണ്ടും മലയാള സിനിമ സജീവമായെങ്കിലും, തീയേറ്ററുകളിലേക്കു ആളുകൾ എത്താത്തത് കൊണ്ട് തന്നെ മലയാള സിനിമ വ്യവസായം വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സിനിമകളുടെ നിലവാരമില്ലായ്മ തന്നെയാണ് അതിനു പ്രധാന കാരണമെന്നതാണ് സത്യം. കോവിഡ് പ്രതിസന്ധിക്കു ശേഷം വന്നതിൽ കുറുപ്പ്, ഹൃദയം, ഭീഷ്മപർവം, ജനഗണമന, കടുവ എന്നീ ചിത്രങ്ങളൊഴിച്ചാൽ മറ്റൊരു മലയാള ചിത്രത്തിനും വലിയ രീതിയിൽ പ്രേക്ഷകരെ ആകർഷിക്കാൻ സാധിച്ചില്ല. എന്നാൽ അന്യ ഭാഷ ചിത്രങ്ങളായ കെ ജി എഫ് 2, ആർ ആർ ആർ, വിക്രം എന്നിവ ഇവിടെ മഹാവിജയങ്ങളായി മാറുകയും ചെയ്തു. സിനിമകളുടെ ഉത്പാദനച്ചെലവിന്റെ 10% പോലും തിയറ്ററുകളിൽ നിന്നു വരുന്നില്ലെന്നും, വൻകിട മൾട്ടി സ്റ്റാർ ആക്‌ഷൻ സിനിമകൾ മാത്രമാണ് പ്രേക്ഷകർ കാണാനെത്തുന്നതെന്നുമാണ് തീയേറ്റർ ഉടമകളും സിനിമാ മേഖലയിലെ പ്രമുഖരും അഭിപ്രായപ്പെടുന്നത്.

Advertisement

സാധാരണ സിനിമകൾ ഒറ്റിറ്റിയിൽ കാണാമെന്ന രീതിയിലാണ് പ്രേക്ഷകർ നിൽക്കുന്നത്. അതുപോലെ തീയേറ്ററുകളിൽ ആളില്ലാത്തത് കൊണ്ട് ഒട്ടേറെ ഷോകളാണ് ക്യാൻസലായി പോകുന്നത്. വർഷം ശരാശരി 200 സിനിമകളാണ്, 700 കോടിയോളം മുതൽ മുടക്കി തീയേറ്ററുകളിൽ എത്തുന്നതെന്നും, പക്ഷെ 70 കോടി രൂപ പോലും തിയറ്റർ കലക്‌ഷനിൽ നിന്നു വരുന്നില്ലെന്നും അവർ പറഞ്ഞു. 200 പടങ്ങൾ വർഷം ഇറങ്ങുമ്പോൾ പരമാവധി 50 എണ്ണം മാത്രമാണ് ഒടിടി കമ്പനികൾ വാങ്ങുന്നതെന്നും, അതും താരങ്ങൾ ഉള്ള ചിത്രങ്ങൾ മാത്രമാണ് അവർ വാങ്ങുന്നതെന്നും സിനിമാ വ്യവസായികൾ പറയുന്നു. ഒടിടി മുന്നിൽ കണ്ടു ചിത്രങ്ങളെടുത്തവരും വിചാരിച്ച തുക ലഭിക്കാത്തതിനാൽ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അവർ കൂട്ടിച്ചേർത്തു. സ്ക്രീനുകളുടെ ബാഹുല്യവും വിനോദ നികുതിയും വൈദ്യുതി നിരക്കു വർധനയും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ പറയുന്നു. ആദ്യ ഷോ കഴിയും മുമ്പു തന്നെ സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് പ്രതികരണം നല്ല പടങ്ങളേയും നശിപ്പിക്കുന്നതാണ് കാണാൻ സാധിക്കുന്നതെന്നു നിർമ്മാതാവ് ബി രാകേഷും അഭിപ്രായപ്പെട്ടു. തിയറ്റർ ബിസിനസിനെക്കുറിച്ചു തന്നെ പലരും പുനരാലോചന നടത്തുന്ന സമയത്തിലൂടെയാണിപ്പോൾ സിനിമ വ്യവസായം കടന്നു പോകുന്നതെന്നും അവർ അഭിപ്രായപ്പെടുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close