ബോക്സ് ഓഫീസിൽ മഹാവിജയത്തിന്റെ മണൽക്കാറ്റ്; റെക്കോർഡുകൾ കടപുഴക്കി ആട് ജീവിതം

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ ഏറ്റവും പുതിയ ചിത്രമായ ആട് ജീവിതം ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണങ്ങളുമായി ബോക്സ് ഓഫീസിൽ മഹാവിജയത്തിന്റെ കാഹളം മുഴക്കുന്നു. ബെന്യാമിൻ രചിച്ച ഇതേ പേരിലുള്ള ക്ലാസിക് നോവലിനെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ഈ ചിത്രത്തിന് വമ്പൻ സ്വീകരണമാണ് കേരളത്തിന് അകത്തും പുറത്തും ലഭിക്കുന്നത്. വിഷ്വൽ റൊമാൻസ് ഇമേജ് മേക്കർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, അൾട്ട ഗ്ലോബൽ മീഡിയ എന്നിവയുടെ ബാനറിൽ ബ്ലെസ്സി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആഡംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യ കണക്കുകൾ പ്രകാരം 6 കോടിയുടെ അടുത്ത് ആദ്യ ദിന ഗ്രോസ് നേടിയ ഈ ചിത്രം ആഗോള തലത്തിൽ ആദ്യ ദിനം നേടിയത് 15 കോടിയോളമാണ്. മരക്കാർ (20 കോടി), കുറുപ്പ് (19 കോടി), ഒടിയൻ (18 കോടി) എന്നിവ കഴിഞ്ഞാൽ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസ് നേടുന്ന മലയാള ചിത്രമായി ആട് ജീവിതം മാറിക്കഴിഞ്ഞു.

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യു കെ, നോർത്ത് അമേരിക്ക, കർണാടക എന്നിവിടങ്ങളിൽ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ഡേ ഗ്രോസ് ആണ് ഈ ചിത്രം നേടിയത്. കർണാടകയിൽ ആദ്യ ദിനം തന്നെ 1 കോടി രൂപയ്ക്കു മുകളിലാണ് ഈ ചിത്രം നേടിയ ഗ്രോസ്. പുലി മുരുകൻ, ലൂസിഫർ, 2018 , മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നിവക്ക് ശേഷം മലയാളത്തിൽ നിന്ന് 100 കോടി ആഗോള ഗ്രോസ് നേടുന്ന ആറാമത്തെ മലയാള ചിത്രമായി ആട് ജീവിതം മാറുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ പൃഥ്വിരാജ് നായകനായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ആട് ജീവിതം. അമല പോൾ, റിക് അബി, താലിബ് മുഹമ്മദ്, ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, നാസർ കരുതെനി, ശോഭ മോഹൻ തുടങ്ങിയ നടീനടന്മാരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എ ആർ റഹ്മാൻ ആണ്. ആട് ജീവിതത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സുനിൽ കെ എസ്, സൗണ്ട് ഡിസൈനിങ് നിർവഹിച്ചത് റസൂൽ പൂക്കുട്ടി, എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close