മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഒരു മാറ്റം കൂടി. കഴിഞ്ഞ മാസം റിലീസ് ചെയ്ത റൊമാന്റിക് കോമഡി ചിത്രം പ്രേമലു ഇപ്പോൾ ഈ ലിസ്റ്റിലെ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ ആഗോള ഗ്രോസ് ആണ് പ്രേമലു മറികടന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ആണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 210 കോടി ആഗോള ഗ്രോസിലേക്കു കുതിക്കുന്ന ഈ ചിത്രം ഇതിന്റെ ഫൈനൽ റണ്ണിലേക്കു എത്തുകയാണ്. മൾട്ടിസ്റ്റാർ ചിത്രമായ 2018 ആണ് ഈ ലിസ്റ്റിലെ രണ്ടാമൻ. 175 കോടിയാണ് 2018 നേടിയ ആഗോള ഗ്രോസ്. മോഹൻലാൽ ചിത്രമായ പുലി മുരുകൻ 143 കോടി ഗ്രോസ്സുമായി മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ 129 കോടിയോളം ഗ്രോസ്സുമായി പ്രേമലു നാലാമതെത്തി. 128 കോടി ഗ്രോസ് നേടിയ ലൂസിഫറാണ് ഇപ്പോൾ ഈ ലിസ്റ്റിലെ അഞ്ചാമൻ. ഈ അഞ്ച് ചിത്രങ്ങളാണ് മലയാളത്തിൽ നിന്നും ഇതുവരെ നൂറ് കോടി ആഗോള ഗ്രോസ് നേടിയ ചിത്രങ്ങൾ.
മോഹൻലാൽ നായകനായ നേര്, മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം, യുവതാരങ്ങളുടെ ആർഡിഎക്സ്, മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവ യഥാക്രമം ഈ ലിസ്റ്റിൽ ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു ഇതിനോടകം കേരളത്തിൽ നിന്ന് മാത്രം 60 കോടിക്ക് മുകളിൽ ഗ്രോസ് നേടിക്കഴിഞ്ഞു. ഇതിന്റെ തെലുങ്ക് ഡബ്ബിങ് പതിപ്പ് അവിടെ നിന്നും നേടിയത് 15 കോടിക്ക് മുകളിലാണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ നിർമ്മിച്ച ഈ ചിത്രത്തിൽ നസ്ലെൻ, മമിതാ ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.