
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ചിത്രമാണ് ഹൃദയം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ഇതിന്റെ സോങ് റ്റീസർ എന്നിവ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. ഇതിലെ ആദ്യ ഗാനം ഇന്ന് പുറത്തു വരാനുമിരിക്കുകയാണ്. പതിനഞ്ചു ഗാനങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളതെന്നും കഥയോടൊപ്പം ഗാനങ്ങളും ചേർന്ന് പോകുന്ന തരത്തിലാണ് ഇതിൽ സംഗീതം ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഇതിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് പറയുന്നു. പശ്ചാത്തല സംഗീതത്തിനായി പോലും പാട്ടുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നും ഹിഷാം പറഞ്ഞു. അതുപോലെ പ്രണവ് മോഹൻലാൽ എന്ന നടനും വ്യക്തിയും തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ഹൃദയം എന്നും ഹിഷാം പറയുന്നു. പ്രണവ് എന്ന മനുഷ്യന്റെ കൂടി പ്രതിഫലനം ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തിൽ കാണാം എന്നാണ് ഹിഷാം പറയുന്നത്. ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹിഷാം ഇത് സംസാരിച്ചത്.
ഇത്രയും താഴ്മയും വിനയവും ലാളിത്യവുമുള്ള ഒരാളെ താൻ അടുത്ത കാലത്തു കണ്ടിട്ടില്ല എന്നും ഒരു നടൻ എന്ന നിലയിൽ മനോഹരമായ രീതിയിലാണ് പ്രണവ് ഈ കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നതെന്നും ഹിഷാം പറയുന്നു. മഹാനടനായ മോഹൻലാൽ എന്ന അച്ഛന്റെ അഭിനയത്തിന്റെ ഷേഡുകൾ കൊണ്ട് വരാതെ, തന്റേതായ ശൈലിയിൽ ആണ് പ്രണവ് അഭിനയിക്കുന്നത് എന്നും, ഇനി എന്തെങ്കിലും ഷേഡുകൾ അങ്ങനെ വന്നിട്ടുണ്ട് എങ്കിൽ തന്നെ അതേറ്റവും പോസിറ്റീവ് ആയ രീതിയിൽ മാത്രമായിരിക്കും വന്നിരിക്കുന്നതെന്നും ഹിഷാം വെളിപ്പെടുത്തി. ഗാന രംഗങ്ങളിൽ ഒക്കെ അതിമനോഹരമായി തന്നെ അതിന്റെ ആത്മാവറിഞ്ഞു അഭിനയിക്കാൻ പ്രണവിന് സാധിച്ചിട്ടുണ്ട് എന്നും ഹിഷാം കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ ഗാന രംഗങ്ങളിൽ ഏറ്റവും മനോഹരമായി അഭനയിക്കുന്ന നടൻ ആണ് മോഹൻലാൽ. ഗാന രംഗങ്ങളിലെ ലിപ് സിങ്കിങിൽ മോഹൻലാലിനെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരാളില്ല എന്ന് പലപ്പോഴായി സംഗീത സംവിധായകരും ഗായകരും വെളിപ്പെടുത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ഹൃദയം എന്ന സംഗീത പ്രാധാന്യമുള്ള ചിത്രത്തിലെ പ്രണവിന്റെ പ്രകടനം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.