മലയാള സിനിമയിൽ തുടക്കം കുറിക്കാൻ അന്യഭാഷാ നായികമാരും

Advertisement

മലയാള സിനിമയിൽ ഇപ്പോൾ കൂടുതൽ വലിയ ചിത്രങ്ങൾ പിറവിയെടുക്കുന്ന കാലമാണ്. പാൻ ഇന്ത്യൻ തലത്തിൽ മാർക്കറ്റ് ചെയ്യുന്ന ചിത്രങ്ങൾ മലയാള സിനിമയിലും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി വമ്പൻ അന്യ ഭാഷാ നായികമാരും മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. അനുഷ്‌ക ഷെട്ടി, സാമന്ത, തമന്ന, കൃതി ഷെട്ടി എന്നിവരാണ് വൈകാതെ മലയാളത്തിലെത്തുന്ന അന്യ ഭാഷാ നായികമാർ. തെലുങ്കിലെ ലേഡി സൂപ്പർസ്റ്റാർ എന്ന നിലയിൽ വരെയെത്തിയ അനുഷ്‌ക ഷെട്ടി ആദ്യമായി മലയാളത്തിലെത്തുന്നത് നമ്മുടെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെയാണ്. ഷിബിൻ ഫ്രാൻസിസ് രചിച്ചു നവാഗതനായ മാത്യൂസ് തോമസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

അതുപോലെ മലയാളത്തിലേക്ക് ചുവടു വെക്കുന്ന മറ്റൊരു സൂപ്പർ ഹീറോയിൻ സാമന്തയാണ്. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ നായികാ താരമാണ് സാമന്ത. ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന കിംഗ്‌ ഓഫ് കൊത്തയിലെ നായികാ വേഷം ചെയ്യാൻ സാമന്ത എത്തുമെന്നാണ് സൂചന. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. ജനപ്രിയ നായകൻ ദിലീപിന്റെ നായികയായാണ് തമന്ന മലയാളത്തിലെത്തുന്നത്. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദിലീപ്- അരുൺ ഗോപി ടീമിൽ നിന്ന് വരാൻ പോകുന്ന ഈ ചിത്രം രചിച്ചത് ഉദയകൃഷ്ണയാണ്. തെന്നിന്ത്യൻ നായികാ താരമായ കൃതി ഷെട്ടിയും മോളിവുഡ് അരങ്ങേറ്റം കുറിക്കുകയാണ്. യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന അജയന്റെ രണ്ടാം മോഷണമെന്ന ചിത്രത്തിലൂടെയാണ് കൃതി തന്റെ മോളിവുഡ് കരിയർ ആരംഭിക്കുക. ജിതിൻ ലാലാണ് ഈ ചിത്രം സംവിധാനം ചെയ്യുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close