പ്രശസ്ത മലയാള സിനിമാ താരം കൊച്ചു പ്രേമൻ അന്തരിച്ചു

Advertisement

മലയാള സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളായിരുന്ന കൊച്ചു പ്രേമൻ അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരിക്കുമ്പോൾ 68 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ഏഴു നിറങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ജനിച്ച കൊച്ചു പ്രേമൻ, തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് നാടക രംഗത്ത് സജീവമായത്. അതിനു ശേഷം ഗായത്രി തീയേറ്റേഴ്സ്, സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ അദ്ദേഹത്തിന് വലിയ പ്രശംസയും ഒട്ടേറെ ആരാധകരെയും നേടിക്കൊടുത്ത നാടകങ്ങളാണ്.

1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം, 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ, അദ്ദേഹത്തിനൊപ്പം തന്നെ എട്ടു സിനിമകൾ ആണ് ചെയ്തത്. സത്യൻ അന്തിക്കാടിന്റെ ഇരട്ട കുട്ടികളുടെ അച്ഛനിലും ശ്രദ്ധേയമായ ഒരു വേഷമാണ് കൊച്ചു പ്രേമൻ അവതരിപ്പിച്ചത്. മോഹൻലാൽ നായകനായ, 1997-ൽ റിലീസായ രാജീവ് അഞ്ചലിന്റെ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ച കൊച്ചു പ്രേമന്റെ കരിയറിൽ പിന്നീട് വന്ന നിർണ്ണായക ചിത്രങ്ങളാണ് 2003-ൽ റിലീസായ ജയരാജ്- ദിലീപ് ടീമിന്റെ തിളക്കം, രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ൽ റിലീസായ ലീല എന്നിവ. 250 ഓളം മലയാള ചിത്രങ്ങളിൽ വേഷമിട്ട കൊച്ചു പ്രേമൻ ടെലിവിഷൻ സീരിയൽ രംഗത്തും സജീവമായിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close