പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവർ

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നവാഗതനായ ജയൻ നമ്പ്യാര്‍ ഒരുക്കുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഒക്ടോബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ കുറച്ചു ദിവസം മുൻപാണ് തുടങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ലൊക്കേഷനിന്നും മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയാക്രമണം എന്ന വാർത്തകളാണ് വരുന്നത്. മറയൂരിലാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ആ ലൊക്കേഷനിൽ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെയാണ് ഇന്നലെ രാവിലെ ആറരയോടെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് വെച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്കിട്ടത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ ജീപ്പ് പൂര്‍ണ്ണമായും തകർന്നു എന്നും, ജീപ്പിന്റെ ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

പോകുന്ന വഴിയിൽ, റോഡിന്‍റെ നടുവിൽ ആന നിൽക്കുന്നത് ഡ്രൈവര്‍ കാണുകയും അയാൾ വണ്ടി നിർത്തുകയും ചെയ്തെങ്കിലും, ആന പാഞ്ഞടുത്ത് വന്ന് വണ്ടിയെ ആക്രമിക്കുകയായിരുന്നു എന്നാണ് ഡ്രൈവർ പറയുന്നത്. ആന വരുന്നത് കണ്ട് ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവരുടെ കാലിനാണ് പരിക്കേറ്റത്. വമ്പൻ ഹിറ്റായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് വിലായത് ബുദ്ധ. എന്നാൽ അദ്ദേഹം അകാലത്തിൽ അന്തരിച്ചതിനെ തുടർന്ന്, അദ്ദേഹത്തിന്റെ ശിഷ്യനും ലൂസിഫറില്‍ പൃഥ്വിരാജ് സുകുമാരന്റെ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാർ ഈ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൽ പ്രിയംവദയാണ് നായികാ വേഷം ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരന്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമാകുമ്പോള്‍ ഭാസ്‌കരന്‍ മാഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രമായി കോട്ടയം രമേഷ് ആണ് അഭിനയിക്കുന്നത്. ജേക്സ് ബിജോയ്‌ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്, 777 ചാര്‍ലിയുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ ചലിപ്പിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close