മലയാള സിനിമയിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉണ്ടായ പുതിയ വിവാദം ആണ് ശ്രീകുമാർ മേനോൻ- മഞ്ജു വാര്യർ പോര്. ശ്രീകുമാർ മേനോൻ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നും അപായപ്പെടുത്താൻ സാധ്യത ഉണ്ടെന്നും പറഞ്ഞു മഞ്ജു വാര്യർ സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയതോടെ ആണ് ഈ വിവാദത്തിന്റെ തുടക്കം. ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രം റിലീസ് ചെയ്ത സമയത്തു അതിലെ നായികയായ തനിക്കെതിരെ നടന്ന ഓൺലൈൻ ആക്രമണവും ശ്രീകുമാർ മേനോനും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും ചേർന്ന് പ്ലാൻ ചെയ്തത് ആണെന്നും മഞ്ജു പറഞ്ഞു. അതിനെതിരെ മഞ്ജു വാര്യർ എന്ന വ്യക്തിയെ മോശക്കാരിയാക്കിക്കൊണ്ട് ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പോസ്റ്റും വന്നിരുന്നു.
പിന്നീട് മഞ്ജുവിനെ പിന്തുണച്ചും എതിർത്തും ദിലീപ് വിവാദത്തെ അതിനോട് ചേർത്ത് വെച്ചുമെല്ലാം പ്രശസ്തരുടെ ഫേസ്ബുക് പോസ്റ്റുകൾ വന്നു കൊണ്ടിരുന്നു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മി, സീരിയൽ താരം ആയ ആദിത്യൻ ജയൻ എന്നിവർ അതിൽ പ്രമുഖർ ആണ്. ഇപ്പോഴിതാ പോലീസ് ഏറ്റെടുത്തിരിക്കുന്ന ഈ കേസിൽ മഞ്ജു വാര്യർ ശ്രീകുമാർ മേനോന് എതിരെ മൊഴി നൽകി കഴിഞ്ഞു. തൃശൂരിലെ പൊലീസ് കേന്ദ്രത്തിൽ വച്ചായിരുന്നു മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു ശ്രീകുമാർ മേനോന്റെ പല പ്രവർത്തനങ്ങളെന്നും തന്നെ മോശക്കാരിയാക്കാൻ ശ്രമിച്ചു എന്നും മഞ്ജുവിന്റെ മൊഴിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കുന്ന ഈ കേസിൽ സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസിന് ഭംഗം വരുത്തൽ, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകൾ ചേർത്താണ് ശ്രീകുമാർ മേനോന് എതിരെ കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ആദ്യപടി ആയി മഞ്ജുവിന്റെ മൊഴി എടുത്ത പോലീസ് സംഘം ഒരാഴ്ചക്ക് അകം ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ഡി.ജി.പിയ്ക്ക് മഞ്ജു വാര്യർ നൽകിയ പരാതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലിലേക്ക് അദ്ദേഹം കൈമാറുകയായിരുന്നു.