റെക്കോർഡ് തുകയ്ക്ക് ‘ ലിയോ’ യുടെ ഓവർസീസ് അവകാശം സ്വന്തമാക്കി ഫാർസ് ഫിലിംസ്

Advertisement

വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം ‘ലിയോ ‘വിദേശരാജ്യങ്ങളിൽ വിതരണം ചെയ്യാനുള്ള അവകാശം റെക്കോർഡ് വിലക്ക് സ്വന്തമാക്കി ഫാർസ് ഫിലിംസ്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാർസ് ഫിലിംസ് മികച്ച സിനിമകൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. ഫാർസ് ഫിലിംസിന്റെ ചെയർമാനും സ്ഥാപകനുമായ അഹമ്മദ് ഗോൽചിനാണ് ട്വിറ്ററിലൂടെ ചിത്രത്തിൻറെ വിതരണ അവകാശം ലഭിച്ച സന്തോഷവാർത്ത അറിയിച്ചത്. ഈ വർഷത്തെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ റിലീസാകും ചിത്രമെന്നും അദ്ദേഹം ട്വിറ്ററിലൂടെ കൂട്ടിച്ചേർത്തു. പൂജ റിലീസായി ചിത്രം ഒക്ടോബർ 19നാണ് തിയേറ്ററുകളിൽ എത്തുക.

നിലവിൽ 60 കോടി രൂപയ്ക്കാണ് ചിത്രത്തിൻറെ ഓവർസീസ് വിതരണ അവകാശം വിറ്റു പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ കേരളത്തിലെ വിതരണ അവകാശം സ്വന്തമാക്കാൻ തുടക്കം മുതൽ തന്നെ മത്സരങ്ങൾ കടുപ്പിച്ചിരുന്നു. അഞ്ചു പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണം അവകാശത്തിന് വേണ്ടി രംഗത്ത് വന്നത്. എന്നാൽ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുക എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. 16 കോടി രൂപയ്ക്കാണ് ഗോകുലം മൂവീസ് ചിത്രം സ്വന്തമാക്കിയത് എന്നാണ് സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ഏറ്റവും ഉയർന്ന വിലക്ക് കേരളത്തിൽ വിതരണത്തിൽ എത്തുന്ന അന്യഭാഷ ചിത്രമായി മാറിയിരിക്കുകയാണ് ലിയോ.

Advertisement

മാസ്റ്റർ സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജും വിജയും വീണ്ടും ഒരുമിക്കുന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. അനിരുദ് സംഗീതം നൽകുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയാണ്.

Advertisement

Press ESC to close