പേട്ടയിൽ രണ്ട് മിനിറ്റിൽ താഴെയുള്ള നഞ്ചക് ഫൈറ്റിന് വേണ്ടി രജിനി സർ 50 ദിവസമാണ് പരിശീലനം നടത്തിയത്: പീറ്റർ ഹെയ്‌ൻ

Advertisement

സൂപ്പർ സ്റ്റാർ രജിനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ട എന്ന മാസ്സ് ചിത്രം ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് വമ്പൻ ബോക്സ് ഓഫീസ് വിജയം ആണ് നേടിയെടുത്തത്. വിന്റേജ് രജനികാന്തിനെ ഈ ചിത്രത്തിലൂടെ കാണാൻ സാധിച്ചു എന്നാണ് ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. രജിനികാന്തിന്റെ പാട്ടും നൃത്തവും മാസ്സ് ഡയലോഗുകളും സ്റ്റൈലും സംഘട്ടനങ്ങളും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് കാർത്തിക് സുബ്ബരാജ് ഈ ചിത്രം ഒരുക്കിയത്. ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. രജിനികാന്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ കംപോസ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു എന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് പീറ്റർ ഹെയ്‌ൻ.

ഈ ചിത്രത്തിൽ രജിനികാന്തിന്റെ ഒരു നഞ്ചക് ഫൈറ്റ് സീക്വൻസ് ഉണ്ട്. അദ്ദേഹത്തിന്റെ കരിയറിൽ ആദ്യമായി ആണ് അത്തരം ഒരു ഫൈറ്റ് അദ്ദേഹം ചെയ്യുന്നത്. അതിനു വേണ്ടി കൃത്യമായ പരിശീലനം ആവശ്യമായിരുന്നു. ഒന്നര മാസത്തോളം അദ്ദേഹം അതിനു വേണ്ടി പരിശീലനം നടത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ഇരു കൈകൾക്കും വേദന ആയി. ആ സമയത്തു അദ്ദേഹം പീറ്റർ ഹെയ്‌നോട് പറഞ്ഞു കൊണ്ടിരുന്നത് തനിക്കു എഴുപതു വയസ്സാവാറായി എന്നും ഇത്ര പ്രായമുള്ള തന്നെ ഇങ്ങനെ പീഡിപ്പിക്കണോ എന്നുമായിരുന്നു. എന്നാൽ അദ്ദേഹം ഇതൊക്കെ ചെയ്താൽ ആരാധകർക്ക് സന്തോഷം ആവുമെന്ന് ആണ് പീറ്റർ ഹെയ്‌ൻ മറുപടി പറഞ്ഞത്. അത്ര ചിട്ടയോടെ അദ്ദേഹം പരിശീലനം നടത്തിയത് കൊണ്ടാണ് ആ രംഗം അത്ര മനോഹരമായി ചിത്രീകരിക്കാൻ സാധിച്ചത് എന്നും പീറ്റർ ഹെയ്‌ൻ പറയുന്നു. രജനികാന്ത് ആവശ്യപെട്ടിട്ടാണ് പീറ്റർ ഹെയ്‌ൻ ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയത്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close