
മലയാള സിനിമയിൽ ഈ വർഷം സിനിമ പ്രേമികൾ ഉറ്റുനോക്കുന്ന ചിത്രമാണ് ‘ഉയരെ’ നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാർവതി കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഈ ചിത്രം ആസിഡ് ആക്രമണത്തിൽ അകപ്പെട്ടു പോയ പെൺകുട്ടിയുടെ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പല്ലവി രവീന്ദ്രൻ എന്ന പൈലറ്റായിട്ടാണ് പാർവതി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളായ ബോബി- സഞ്ജയ് എന്നിവരുടെ പ്രസ്താവനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിയാണ് പാർവതിയെന്നും പല്ലവി എന്ന കഥാപാത്രം അവതരിപ്പിക്കുവാൻ പാർവതി അല്ലാതെ മറ്റൊരു ഓപ്‌ഷൻ ഉണ്ടായിരുന്നില്ല എന്ന് ഇരുവരും വ്യക്തമാക്കി. ഓരോ ചിത്രത്തിന് വേണ്ടി പാർവതി ചെയ്യുന്ന കഷ്ടപ്പാടുകളും ആത്മസമർപ്പണവും പ്രശംസ അർഹിക്കുന്നവയാണെന്ന് കൂട്ടിച്ചേർത്തു.
ചിത്രത്തിന് വേണ്ടി പാർവതി ആഗ്രയിലെ ഷെറോസ് ഹാങ്ഔട്ട് സന്ദർശിക്കുകയുണ്ടായി. ആസിഡ് ആക്രമണത്തിൽ അകപ്പെട്ട ഒരു കൂട്ടം ആളുകൾ നടത്തുന്ന പ്രസ്ഥാനം കൂടിയാണിത്. അവരുടെ ജീവിത രീതികളും പെരുമാറ്റവും നേരിട്ട് കണ്ട് പഠിക്കുവാൻ വേണ്ടിയാണ് താരം ആഗ്രയിൽ വന്നത്. പൈലറ്റ് വേഷം കൈകാര്യം ചെയ്യുവാൻ വേണ്ടി എയർ ക്രാഫ്റ്റ് ഫ്ലയിങ് അവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിക്കുകയുണ്ടായി.
ഉയരെയിൽ ആസിഫ് അലി, ടോവിനോ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സംയുക്ത മേനോൻ, അനാർക്കലി മരക്കാർ, സിദ്ദിക്ക്, പ്രതാപ് പോത്തൻ എന്നിവരും ചിത്രത്തിൽ ഭാഗമാവുന്നുണ്ട്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് മഹേഷ് നാരായണനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.