
മിമിക്രിയിലൂടെയും അവതരണങ്ങളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം പഞ്ചവർണ്ണതത്ത റിലീസിന് ഒരുങ്ങുകയാണ്. ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരായ ചിത്രത്തിന്റെ ട്രൈലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജയറാമിന്റെ ഇന്നേവരെ കാണാതെ ഗെറ്റപ്പ് ചേഞ്ചും ശബ്ദവുമെല്ലാം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ട്രൈലർ ഇറങ്ങി നിമിഷങ്ങൾക്കകം മികച്ച പ്രതികരണം ആണ് നവമാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ഒരേ സമയം ഫേസ്ബുക്കിലും യൂട്യുബിലും ആയിട്ടായിരുന്നു ട്രൈലർ പുറത്തിറങ്ങിയത്. യൂട്യൂബിൽ അഞ്ചു ലക്ഷത്തിൽപ്പരം കാഴ്ച്ചക്കാരുമായി ട്രെൻഡിങ് നമ്പർ വൺ ആയാണ് ട്രൈലർ കുതിക്കുന്നത്. ഫേസ്ബുക്കിലും യൂട്യുബിലും ആയി ട്രൈലെർ ഇതുവരെ പത്ത് ലക്ഷത്തിൽ കൂടുതൽ കാഴ്ച്ചക്കാരെ നേടി.
മലയാളികളുടെ ഒരുകാലത്തെ കുടുംബപ്രേക്ഷകരുടെ പ്രിയ താരം ജയറാം തിരിച്ചു വരവ് നടത്താൻ ഒരുങ്ങുന്ന ചിത്രമെന്ന നിലയിൽ തന്നെ, ആരാധകർ വൻ പ്രതീക്ഷയിൽ ആണ്. ചിത്രത്തിന് വേണ്ടി ഇന്നേവരെ കാണാത്ത മേക്കോവർ ആണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പക്ഷി മൃഗാദികളെ ഉപയോഗിച്ച് ഉപജീവനം നടത്തുന്ന ഒരു കഥാപാത്രമായാണ് ജയറാം ചിത്രത്തിൽ എത്തുന്നത്. കലേഷ് എന്ന യുവ രാഷ്ട്രീയ നേതാവായി ചിത്രത്തിൽ കുഞ്ചാക്കോ ബോബനും എത്തുന്നു. ചിത്രത്തിലെ നായികയായി എത്തുന്നത് അനുശ്രീ ആണ് ധർമജൻ, അശോകൻ, മല്ലിക സുകുമാരൻ, മണിയൻ പിള്ള രാജു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവാണ് ചിത്രത്തിന്റെ നിർമ്മാണം. ഫാമിലി കോമഡി ചിത്രമായ പഞ്ചവർണ്ണതത്ത തീയറ്ററുകളിൽ പൊട്ടിച്ചിരി ഉണർത്താൻ വിഷുവിനു എത്തും.