![](https://i0.wp.com/onlookersmedia.com/wp-content/uploads/2023/01/padaiyappa-is-my-alltime-favorite-commercial-movie-says-director-vamshi.jpg?fit=1024%2C592&ssl=1)
ദളപതി വിജയ് നായകനായ വാരിസ് ഒരുക്കിയ പ്രശസ്ത തെലുങ്ക് സംവിധായകൻ ആണ് വംശി പെഡിപ്പിള്ളി. ഒരു മാസ്സ് ഫാമിലി എന്റർടൈനർ ചിത്രമായി ഒരുക്കിയ വാരിസ് 200 കോടി ആഗോള ഗ്രോസ് പിന്നിട്ട് കുതിക്കുകയാണ്. ഇപ്പോഴിതാ തന്റെ പ്രീയപ്പെട്ട കമർഷ്യൽ ചിത്രം ഏതാണെന്ന് തുറന്ന് പറയുകയാണ് വംശി. ഭരദ്വാജ് രംഗൻ നടത്തിയ അഭിമുഖത്തിലാണ് വംശി ഇത് പറയുന്നത്. ഒരു വിനോദ ചിത്രമെന്ന നിലയിൽ തന്റെ എക്കാലത്തെയും പ്രീയപ്പെട്ടത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ പടയപ്പ ആണെന്ന് വംശി പറയുന്നു. 1999 ഇൽ റീലീസ് ചെയ്ത ഈ സൂപ്പർസ്റ്റാർ ചിത്രം സംവിധാനം ചെയ്തത് ഹിറ്റ് മേക്കറായ കെ എസ് രവികുമാർ ആണ്.
മുന്ന എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച വംശി, അതിന് ശേഷം ബ്രിന്ദവനം, യേവാടു, തോഴ, മഹർഷി എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. ഇതിൽ തോഴ എന്ന ചിത്രം ഓപിരി എന്ന പേരിൽ തെലുങ്കിലും ഒരുക്കിയിരുന്നു. ഓപിരിക്ക് മികച്ച തെലുങ്ക് സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ വംശിയുടെ മഹേഷ് ബാബു ചിത്രമായ മഹർഷി, ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും നേടിയിരുന്നു. ഏതായാലും ഇപ്പോൾ തന്റെ വിജയ് ചിത്രവും ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഈ സംവിധായകൻ. സമ്മിശ്ര പ്രതികരണമാണ് വാരിസ് നേടിയതെങ്കിലും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് ഈ ചിത്രം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ദിൽ രാജു നിർമ്മിച്ച ഈ ചിത്രത്തിൽ രശ്മിക മന്ദാന, ശരത് കുമാർ, ശ്യാം, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, യോഗി ബാബു എന്നിവരും വേഷമിട്ടിട്ടുണ്ട്.