ഉലകനായകന്റെ ഇന്ത്യൻ 2 പുതിയ ഷെഡ്യൂൾ ആരംഭിക്കുന്നു; കൂടുതൽ വിവരങ്ങളിതാ

Advertisement

ഉലകനായകൻ കമൽ ഹാസൻ ഇപ്പോൾ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2. ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം റെഡ് ജയ്ൻറ്റ് മൂവീസ് കൂടി ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഈ വരുന്ന ഞായറാഴ്ച മുതൽ തിരുപ്പതിയിൽ ആരംഭിക്കും. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം1996 ഇൽ  കമൽ ഹാസൻ- ഷങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ഏകദേശം 3 വർഷം മുൻപ് ഇതിന്റെ ഷൂട്ടിങ് ആരംഭിച്ചെങ്കിലും,  കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ചില പ്രശ്നങ്ങളും, ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ അപകടത്തെ തുടർന്ന് അണിയറ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും നിർമ്മാതാക്കൾക്ക് വന്ന സാമ്പത്തിക പ്രശ്നവുമെല്ലാമായി ചേർന്ന് ഷൂട്ടിംഗ് നിന്ന് പോവുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് പിന്നീട് ഷൂട്ടിംഗ് പുനരാരംഭിച്ചത്.

വമ്പൻ താരനിരയാണ് കമൽ ഹാസനൊപ്പം ഈ ചിത്രത്തിൽ അണിനിരക്കുക. കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ബോബി- സിംഹ, മനോബാല, ഗുൽഷൻ ഗ്രോവർ, അഖിലേന്ദ്ര മിശ്ര, കല്യാണി എന്നിവരും അഭിനയിക്കുന്നുണ്ട്. സേനാപതി എന്ന കഥാപാത്രവും സേനാപതിയുടെ അച്ഛൻ കഥാപാത്രവുമായി ഇരട്ട വേഷത്തിലാണ് കമൽ ഹാസൻ ഇതിൽ അഭിനയിക്കുന്നത്. ആദ്യ ഭാഗത്തിൽ സേനാപതിയും സേനാപതിയുടെ മകനും ആയാണ് കമൽ ഹാസൻ എത്തിയത്. ജയമോഹൻ രചിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. രവി വർമ്മൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുക. ഇത് കൂടാതെ റാം ചരൻ നായകനായ ഒരു ചിത്രവും ഷങ്കർ ഒരുക്കുന്നുണ്ട്.

Advertisement
Advertisement

Press ESC to close