വിജയം എന്നും വിജയമാണ്, അത് വലിയവരുടെ ആയാലും ചെറിയവരുടെ ആയാലും; ശ്രദ്ധ നേടി ഓപ്പറേഷൻ ജാവ ടീമിന്റെ വാക്കുകൾ..!

Advertisement

കഴിഞ്ഞ ഒരു വർഷക്കാലം ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരി കൊണ്ടുവന്ന പ്രതിസന്ധിയിൽ പെട്ടുലഞ്ഞപ്പോൾ സിനിമാ ലോകവും പൂർണ്ണമായും സ്തംഭിച്ചു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് ഓരോ മേഖലകളും കരകയറി വരുന്ന സമയത്തും പ്രതിസന്ധിയിൽ പെട്ട് കിടന്നതു സിനിമാ ഇന്ഡസ്ട്രിയാണ്. അതിൽ തന്നെ മലയാള സിനിമ പോലെയൊരു ചെറിയ ഇൻഡസ്ട്രി തകർച്ചയുടെ അറ്റത്തു എത്തിയിരുന്നു. അതിനു ശേഷം ഈ കഴിഞ്ഞ ജനുവരി മുതലാണ് കേരളത്തിൽ റിലീസുകൾ എത്തിയത്. മാസ്റ്റർ പോലത്തെ വലിയ ഒരു തമിഴ് ചിത്രം വന്നു കേരളത്തിൽ പ്രേക്ഷകരെ തീയേറ്ററുകളിലേക്കു ആകര്ഷിച്ചുവെങ്കിലും, ഒരു മലയാള ചിത്രം അത് ചെയ്യുന്നതിനുള്ള കാത്തിരിപ്പു അവസാനിച്ചത് ഫെബ്രുവരിയിലാണ്. ഓപ്പറേഷൻ ജാവ എന്ന, പുതുമുഖങ്ങൾ ഒരുക്കിയ ഒരു കൊച്ചു ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. മലയാള സിനിമാ പ്രേമികളെ കോവിഡ് പ്രതിസന്ധിക്കു ശേഷം തീയേറ്ററുകളിലേക്കു എത്തിച്ച ആദ്യ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയത് ഓപ്പറേഷൻ ജാവ തന്നെയാണ്. അതിനു ശേഷം ഒട്ടേറെ വലിയ ചിത്രങ്ങൾ വന്നപ്പോൾ അത് കാണാൻ കൂടുതൽ പ്രേക്ഷകർ എത്തിയെങ്കിലും മലയാള സിനിമയെ തിരിച്ചു കൊണ്ട് വരാനുള്ള മാർഗവും ദീപവും തെളിച്ചത് ഓപ്പറേഷൻ ജാവയാണ് എന്നത് പച്ച പരമാര്ഥമാണ്.

ഇപ്പോഴിതാ, ഓപ്പറേഷൻ ജാവ എന്ന ചിത്രമൊരുക്കിയ തരുൺ മൂർത്തി തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം, അങ്ങനെ അങ്ങനെ ഞങ്ങൾ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നം 55 ദിവസത്തിലേക്ക്. കോവിഡിന് ശേഷം മലയാള സിനിമയെ തിരിച്ചു കൊണ്ടുവന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം നല്കാൻ എല്ലാവരും (ഞങ്ങളും) കിണഞ്ഞു മത്സരിക്കുമ്പോൾ. ഒരു സിനിമ സ്നേഹിയായ പ്രൊഡക്ഷൻ കമ്പനി ഒരു കൂട്ടം പുതുമുഖങ്ങളെയും സാറ്റലൈറ്റ് വാല്യു കുറവുള്ള നല്ല നടന്മാരെ വെച്ച് തീയേറ്ററിൽ അളെ കയറ്റിയത് കാണാതെ പോകരുതേ. വിജയം എന്നും വിജയമാണ്. അത് വലിയവരുടെ ആയാലും ചെറിയവരുടെ ആയാലും. ഈ 55 ദിവസത്തിന് 5 വർഷത്തിന്റെ മുന്നൊരുക്കമുണ്ട്. ഞങ്ങൾക്ക് ഒപ്പം കട്ടക്ക് കൂടെ നിന്ന പ്രൊഡക്ഷൻ ടീമിനും, സംവിധാന സഹായികൾക്കും,നല്ല നടന്മാർക്കും, നിഷാദ് ഇക്കക്കും, ഫായിക്കും, ദുന്തുവിനും, മഞ്ജുഷയ്കും, ജിനു ചേട്ടനും, സുധിക്കും, ഒറ്റ കൊമ്പനും, ജെക്‌സിനും, വിഷ്ണുവിനും, ശ്രീശങ്കറിനും, കഥാപാത്രത്തിനു അനുസരിച് നടന്മാരെ കണ്ടെത്താൻ കൂടെ കാസ്റ്റിംഗ് ഡയറക്ടർ അബുക്ക. പിന്നെ ചങ്കൂറ്റമുള്ള പ്രേക്ഷകർക്കും നന്ദി. വലിപ്പ ചെറുപ്പമില്ലാതെ നല്ല സിനിമകളെ സ്നേഹിയ്ക്കുന്ന നിങ്ങളാണ് എനിയ്ക്കും ഇനി വരാനിരിയ്ക്കുന്ന പുതുമുഖങ്ങൾക്കും നല്ല ചിന്തകളെ സിനിമയാക്കാനുള്ള പ്രചോദനം. നന്ദി നന്ദി നന്ദി. ഏവരും മറക്കാൻ ആഗ്രഹിക്കുന്ന ഒരു ഇരുണ്ട കാലഘട്ടത്തിനു ശേഷം മലയാള സിനിമയെ തിരിച്ചു കൊണ്ട് വന്നതാര് എന്ന ചോദ്യത്തിന്, ഓരോ സിനിമാ പ്രേമിക്കും മനസ്സിൽ തെളിയുന്ന ആദ്യ ഉത്തരം ഓപ്പറേഷൻ ജാവ എന്ന് തന്നെയാവും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close