
മലയാളം സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി വരുന്ന മോഹൻലാൽ ചിത്രം ഒടിയന്‍റെ പൂജ ഇന്നലെ തിരുവനന്തപുരത്തു വെച്ച് നടന്നു. സംവിധായകൻ ശ്രീകുമാർ മേനോൻ, നായകൻ മോഹൻലാൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, രചയിതാവ് ഹരികൃഷ്ണൻ, സംഗീത സംവിധായകൻ എം ജയചന്ദ്രൻ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി. അതോടൊപ്പം ജീത്തു ജോസഫ്, ലാൽ ജോസ്, പ്രണവ് മോഹൻലാൽ, നെടുമുടി വേണു, ജി സുരേഷ് കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഒരു മാസ്സ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം അടുത്ത മാസം മുതൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകനായ ശ്രീകുമാർ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ ദക്ഷിണേന്ത്യൻ സിനിമയിലെ സകലമാന മുൻകാല റെക്കോർഡുകളും തകർത്തു കൊണ്ട് മുന്നേറുകയാണ്. 36 മണിക്കൂറിനുള്ളിൽ 40 ലക്ഷം ആളുകൾ കണ്ട ഒടിയൻ ടീസർ കേരളത്തിനകത്തും പുറത്തും ഇതിനോടകം തന്നെ വലിയ ജനശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു.
കുട്ടിസ്രാങ്ക് എന്ന ഷാജി എൻ കരുൺ-മമ്മൂട്ടി ചിത്രത്തിന്റെ രചനയിലൂടെ
ദേശീയ പുരസ്‌കാരം നേടിയ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. പുലിമുരുകന് ശേഷം പീറ്റർ ഹെയ്‌ൻ ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ്.
ത്രസിപ്പിക്കുന്ന അഞ്ച് ആക്ഷൻ രംഗങ്ങളാണ് പീറ്റർ ഹെയ്‌ൻ ഈ ചിത്രത്തിന് വേണ്ടി ഒരുക്കാൻ പോകുന്നതെന്ന് സംവിധായകൻ അറിയിച്ചു . അതുപോലെ തന്നെ എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച നാലു മനോഹരമായ പാട്ടുകളും ചിത്രത്തിൽ ഉണ്ടാകും.
പുലി മുരുകനിലൂടെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ നമ്മുക്ക് സമ്മാനിച്ച ഷാജി കുമാറാണ് ഈ ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നത്. പ്രശാന്ത് മാധവ് ആർട് ഡയറക്ടർ ആയി ഈ ചിത്രത്തിന്റെ ഭാഗമാകും.
മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരും താരനിരയുടെ ഭാഗമാകുന്ന ഈ ചിത്രത്തിൽ മോഹൻലാൽ മൂന്നു ഗെറ്റപ്പിൽ എത്തുമെന്നാണ് സൂചന. മീശ വടിച്ച ഗെറ്റപ്പിലാണ് മോഷൻ പോസ്റ്ററിൽ നമ്മൾ മോഹൻലാലിനെ കണ്ടതെങ്കിൽ അതിലും ഗംഭീരമായ വേറെ രണ്ടു ഗെറ്റപ്പുകളിൽ കൂടി മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് ചിത്രത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്.
ഒരു ഫാന്റസി ത്രില്ലര്‍ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രത്തിൽ വിഎഫ്എക്‌സിനു വളരെയധികം പ്രാധാന്യമുണ്ടെന്ന് സംവിധായകൻ അറിയിച്ചു.