ദിലീപ് നായകനായ രാമലീല എന്ന ചിത്രം മഹാ വിജയം നേടി ബോക്സ് ഓഫീസിൽ മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ചും തകർത്തും മുന്നേറുന്ന ഈ ചിത്രത്തിന് ഇപ്പോഴും അത്ഭുതകരമായ തിരക്ക് ആണ് അനുഭവപ്പെടുന്നത്. സ്ത്രീകളും കുട്ടികളും യുവാക്കളും എല്ലാവരും രാമലീല കാണാൻ ആയി ഇടിച്ചു കയറുകയാണ്. കേരളത്തിൽ എല്ലാ സ്ഥലത്തും ഇതാണ് അവസ്ഥ. ചിത്രം കാണാൻ ടിക്കറ്റ് ലഭിക്കാതെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. സിംഗിൾ സ്‌ക്രീനുകളിലും മൾട്ടിപ്ളെക്സുകളിലുമെല്ലാം തിരക്കോടു തിരക്ക് തന്നെ. പല തിയേറ്ററുകളിലും രാത്രി 12 മണി കഴിഞ്ഞു എക്സ്ട്രാ ഷോകൾ കളിക്കുകയാണ് ജന തിരക്ക് നിയന്ത്രിക്കാൻ. ഇപ്പോഴിതാ രസകരമായ മറ്റൊരു വാർത്ത വന്നിരിക്കുകയാണ്.
രാമലീലയുടെ സംവിധായകൻ അരുൺ ഗോപി ചിത്രം കാണാൻ തന്റെ സ്വന്തം നാടായ വർക്കലയിലെ വിമല തിയേറ്ററിൽ പോയിട്ട് അഭൂത പൂർവമായ ജനത്തിരക്ക് മൂലം അദ്ദേഹത്തിന് ടിക്കറ്റ് ലഭിച്ചില്ല എന്ന് മാത്രമല്ല , അദ്ദേഹം പിന്നീട് സ്വന്തം ചിത്രം കണ്ടത് തീയേറ്ററിലെ തറയിൽ ഇരുന്നാണ്. തീയേറ്ററിലെ തറയിൽ ഇരുന്നു സിനിമ കാണുന്നത് അത്ര സുഖകരമായ ഒരു ഇടപാട് അല്ലെങ്കിലും സ്വന്തം ചിത്രത്തിന് കിട്ടുന്ന അത്ഭുതകരമായ ജനപിന്തുണ കാരണം ടിക്കറ്റ് ലഭിക്കാതെ തറയിൽ ഇരുന്നു തന്റെ ചിത്രം കാണേണ്ടി വരിക എന്നത് ഒരു സംവിധായകന് ലഭിക്കുന്ന ഭാഗ്യങ്ങളിൽ ഒന്നാണ് എന്ന് പറയാം.
സച്ചി എഴുതിയ ഈ പൊളിറ്റിക്കൽ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്. തന്റെ കഠിന പ്രയത്നത്തിനും കടന്നു പോയ പ്രതിസന്ധികൾക്കും പകരമായി അരുൺ ഗോപി അർഹിക്കുന്ന വിജയമാണ് , സ്വീകാര്യത ആണ് ഇപ്പോൾ രാമലീല നേടുന്ന അത്ഭുത വിജയം.