
കഴിഞ്ഞ വർഷം തിയേറ്ററുകളിൽ എത്തിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം യുവതാരം നിവിൻ പോളി അല്പം നിശ്ശബ്ദനായിരുന്നു എന്ന് തന്നെ പറയാം. ഈ വർഷം ഏപ്രിലിൽ എത്തിയ സിദ്ധാർഥ് ശിവ ചിത്രം സഖാവ് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ചത്ര വലിയ ചലനമുണ്ടാക്കാതെ പോവുകയും ചെയ്തു. നിവിൻ പോളിയുടെ മുൻകാല ചിത്രങ്ങളെ അപേക്ഷിച്ച് മോശം കലക്ഷനാണ് സഖാവ് നേടിയത്. പക്ഷെ ഒരു വൻ ബോക്സ് ഓഫീസ് വേട്ടക്കാണ് നിവിൻ പോളി ഒരുങ്ങുന്നത് എന്ന് നിസംശയം പറയാം. ഒരുപിടി വമ്പൻ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി തീയേറ്ററുകളിൽ എത്താൻ കാത്തിരിക്കുന്നതും അതുപോലെ തന്നെ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നതും.
ഇനി തീയേറ്ററുകളിൽ എത്താൻ പോകുന്ന ആദ്യ നിവിൻ പോളി ചിത്രം തമിഴ് ചിത്രമായ റിച്ചിയായിരിക്കും. ഗൗതം രാമചന്ദ്രൻ എന്ന നവാഗത സംവിധായകൻ ആണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജൂലൈയിൽ ഈ ചിത്രം പ്രദർശനമാരംഭിക്കുമെന്നു കരുതുന്നു.
ഈ വർഷത്തെ നിവിൻ പോളിയുടെ ഓണം റിലീസാണ് നവാഗതനായ അൽതാഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. നിവിൻ പോളി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും.
ഇപ്പോൾ നിവിൻ പോളി അഭിനയിച്ചു കൊണ്ടിരിക്കുന്നത് ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ റൊമാന്റിക് ചിത്രമായ ഹേ ജൂഡിൽ ആണ്. പ്രശസ്ത തമിഴ് നടി തൃഷ കൃഷ്ണൻ ഈ ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നു.
ഇതിനു ശേഷം നിവിൻ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യും.ലക്ഷദ്വീപ് ഐലൻഡിലാണ് ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരിക്കുക. അതിനു ശേഷം നിവിൻ പോളിയുടേതായി ഒരുങ്ങുന്നത് രണ്ടു ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നാണ് സൂചന.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്ന കായംകുളം കൊച്ചുണ്ണിയാണ് ഒരു ചിത്രം. ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പദ്ധതിയിടുന്ന ഈ ചിത്രം എഴുതിയിരിക്കുന്നത് ബോബി സഞ്ജയ് ടീം ആണ്.
അത് പോലെ തന്നെ ഉദയ് കൃഷ്ണ എഴുതി പുലിമുരുകൻ സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നിവിൻ പോളിയാണ് നായകനായി എത്തുന്നതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം ഈ ചിത്രത്തിലൂടെ നിവിൻ വീണ്ടും പോലീസ് കഥാപാത്രം അവതരിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. വൈശാഖ് രാജൻ ഈ ചിത്രം നിർമ്മിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.
അതുപോലെ ധ്യാൻ ശ്രീനിവാസൻ ആദ്യമായ് സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയിലും നിവിൻ പോളിയാണ് നായകൻ. ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയാകുന്ന ചിത്രം നിർമ്മിക്കുന്നത് നടൻ അജു വർഗീസ് ആണ്.
ഇത് കൂടാതെ സൂര്യ ബി സംവിധാനം ചെയ്യുന്ന ഒരു തമിഴ് ചിത്രത്തിലും നിവിൻ നായകനായി അഭിനയിക്കും. പ്രശസ്ത തമിഴ് സംവിധായകൻ ആറ്റ്ലി ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. മറ്റൊരു തമിഴ് ചിത്രം കൂടി നിവിന് കരാറായിട്ടുണ്ടെന്നാണ് വാർത്തകൾ വരുന്നത്. എന്തായാലും വരും മാസങ്ങളിൽ നിവിൻ പോളി ആരാധകർക്ക് ആഘോഷിക്കാനുള്ള വാർത്തകൾ ഒരുപാടുണ്ടാകുമെന്നു സാരം.