ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

Advertisement

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത “പ്രതിച്ഛായ” എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോൾ, ചിത്രത്തിൽ ചർച്ച ചെയ്യുന്ന രാഷ്ട്രീയവും രാഷ്ട്രീയ ബിംബങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായ, ജനങ്ങൾ മറക്കാത്ത ചില സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ഈ ചിത്രത്തിലെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും, ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞു പോയവരുമായ പല രാഷ്ട്രീയ നേതാക്കളെയും കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നുണ്ട്. അത്തരത്തിൽ, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് മരിച്ചു പോയ മുൻ കേരളാ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയാണ്.

ചിത്രത്തിൽ ബാലചന്ദ്ര മേനോൻ അവതരിപ്പിക്കുന്ന വർഗീസ് എന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളും, ആ കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന അനീതിയും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം നേരിട്ട ചില ആരോപണങ്ങളെ അനുസ്‌മരിപ്പിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചിത്രത്തിലെ ഡയലോഗുകളും, ചില രംഗങ്ങളും, സന്ദർഭങ്ങളും വലിയ രീതിയിലാണ് ആ തോന്നൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Advertisement

കഥാവസാനം ഈ കഥാപാത്രത്തോട് കാണിക്കപ്പെട്ട അനീതി ജനങ്ങൾ തിരിച്ചറിയുമ്പോൾ, ഉമ്മൻ ചാണ്ടിയോട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കാണിച്ച അനീതി തുറന്നു കാണിക്കുക ആണോ ചിത്രം ചെയ്തത് എന്ന നിലയിലുള്ള ചർച്ചകളാണ് ഇപ്പോൾ അരങ്ങേറുന്നത്. എന്നാൽ അതിനോടൊപ്പം തന്നെ, കേരളത്തിൽ ഒരു തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ വെള്ള പൂശുകയാണോ ചിത്രമെന്നും, അതിലെ ചില രംഗങ്ങളും ഡയലോഗുകളും സന്ദർഭങ്ങളും ഉദ്ധരിച്ചു കൊണ്ട് പ്രേക്ഷകർ വാദിക്കുന്നുണ്ട്.

എങ്ങനെയായാലും ഏറെക്കാലത്തിനു ശേഷമാണു ഒരു പൊളിറ്റിക്കൽ ഡ്രാമ കേരളത്തിൽ യഥാർത്ഥ അർത്ഥത്തിൽ ജനങ്ങളുടെ ഇടയിൽ ചർച്ചയായി മാറുന്നത്. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിന്റെ ഹൈലൈറ്റ്, നിവിൻ, ബാലചന്ദ്ര മേനോൻ, ഹരിശ്രീ അശോകൻ, ഷറഫുദീൻ, സബിത ആനന്ദ് എന്നിവരുടെ മികച്ച പ്രകടനങ്ങളാണ്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ സംഗീതവും ചിത്രത്തിന് കരുത്ത് പകരുന്നുണ്ട്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രം നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close