പുലി മുരുകൻ ഒരു സാമ്പിൾ മാത്രം, ഒരുങ്ങുന്നത് അതിനേക്കാൾ വലിയ ആക്ഷൻ ചിത്രം; മോഹൻലാൽ ചിത്രത്തെ കുറിച്ച് വൈശാഖ്

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ടർബോക്ക് ശേഷം താൻ പ്ലാൻ ചെയ്യുന്ന മലയാള ചിത്രങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ വൈശാഖ്. പൃഥ്വിരാജ് നായകനായി എത്തുന്ന ഖലീഫയാണ് ഇനി വൈശാഖ് ഒരുക്കാൻ പോകുന്നത്. എന്നാൽ അതിന് ശേഷം വീണ്ടും ഒരു മോഹൻലാൽ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും ആശീർവാദ് സിനിമാസ് നിർമ്മിക്കാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒരു മെഗാ മാസ്സ് ആക്ഷൻ ചിത്രമായിരിക്കുമെന്നും വൈശാഖ് പറഞ്ഞു.

പുലി മുരുകൻ എന്ന ചിത്രത്തിലൂടെ, ആക്ഷൻ രംഗങ്ങൾ ചെയ്യാനുള്ള മോഹൻലാൽ എന്ന നടന്റെ കഴിവിന്റെ ഒരു ചെറിയ ഭാഗം മാത്രമേ തനിക്ക് ഉപയോഗിക്കാൻ സാധിച്ചുള്ളൂ എന്നും, അത് കൊണ്ട് തന്നെ ഇനി വരുന്ന ചിത്രത്തിൽ വമ്പൻ പരിപാടിയാണ് പ്ലാൻ ചെയ്യുന്നതെന്നും വൈശാഖ് പറഞ്ഞു. താനും ലാലേട്ടനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായ മോൺസ്റ്ററിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മാത്രമെന്നും വൈശാഖ് പറയുന്നു.

Advertisement

ഒടിടി ചിത്രമായി ഒരുക്കിയ മോൺസ്റ്റർ, കൃത്യമായ ഒരു തയ്യാറെടുപ്പ് ഇല്ലാതെ താൻ പെട്ടെന്ന് ചെയ്ത് തീർത്ത ഒന്നായിരുന്നുവെന്നും, അത് തീയേറ്ററിൽ ഇറക്കേണ്ട ചിത്രമായിരുന്നില്ല എന്നും വൈശാഖ് വിശദീകരിച്ചു. തീയേറ്റർ പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്ത ഒരു ചെറിയ ചിത്രമായിരുന്നു അതെന്നും, എന്നാൽ അതൊന്നും പ്രേക്ഷകർക്ക് അറിയേണ്ട കാര്യമില്ല എന്നും വൈശാഖ് പറഞ്ഞു. അവർ കൊടുത്ത പണത്തിന് മുതലാവുന്ന ഒരു ചിത്രമായി അത് മാറിയില്ല എന്നത് തന്റെ പരാജയമാണെന്നും, അത് കൊണ്ട് തന്നെ മോൺസ്റ്ററിന്റെ ക്ഷീണം മാറ്റുന്ന ഒരു വമ്പൻ ചിത്രമായിരിക്കും താൻ ഇനി ലാലേട്ടനെ വെച്ച് ചെയ്യുകയെന്നും വൈശാഖ് വെളിപ്പെടുത്തി.

തനിക്കും ലാലേട്ടനും ആക്ഷൻ എന്ന് വെച്ചാൽ ഒരേ ആവേശമാണെന്നും, അത് നന്നാക്കാൻ എന്തും ചെയ്യാനുള്ള മനസ്സാണ് തങ്ങൾക്കുളതെന്നും വൈശാഖ് പറയുന്നു. അത്കൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാൻ പറ്റില്ലെന്നും വൈശാഖ് കൂട്ടിച്ചേർത്തു. മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ പുറത്തു വന്ന പുലി മുരുകൻ മലയാളത്തിൽ ആദ്യമായി നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close