ടേബിളിൽ തലയിടിച്ചു വീണ് മമ്മൂട്ടി; ടർബോ ക്ലൈമാക്സ് സംഘട്ടനത്തിൽ നടന്ന അപകട വീഡിയോ കാണാം

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ടർബോ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് ആരാധകരെ ഏറെ ആവേശം കൊള്ളിച്ച ഒന്നാണ്. വില്ലനായി അഭിനയിച്ച രാജ് ബി ഷെട്ടി കഥാപാത്രത്തിന്റെ ഗ്യാങ്ങിനൊപ്പം ടർബോ ജോസ് എന്ന മമ്മൂട്ടി കഥാപാത്രം നടത്തുന്ന സംഘട്ടനം അത്ര ഗംഭീരമായാണ് സംഘട്ടന സംവിധായകൻ ഫീനിക്സ് പ്രഭു ചിട്ടപ്പെടുത്തിയതും സംവിധായകൻ വൈശാഖ് അത് പ്രേക്ഷകരുടെ മുന്നിലെത്തിച്ചതും.

ഇപ്പോഴിതാ ആ ക്ലൈമാക്സ് ഫൈറ്റ് മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഡ്യൂപ് ഇല്ലാതെ ഫൈറ്റ് ചെയ്യുന്ന മമ്മൂട്ടിക്ക് അതിനിടയിൽ സംഭവിച്ച ഒരപകടവും ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. റോപ്പ് വലിക്കുന്നവരുടെ ഡയറക്ഷൻ മാറിപ്പോയപ്പോൾ മമ്മൂട്ടിയുടെ ഒരു വശത്തു കൂടി പോകേണ്ട ആൾ മമ്മൂട്ടിയുടെ നേരെ വരികയും, മമ്മൂട്ടിയെ ഇടിക്കുകയും ചെയ്തു. ഇടി കൊണ്ട മമ്മൂട്ടി കറങ്ങിപ്പോയി ടേബിളിൽ തലയിടിച്ച് നേരെ അതിനടിയിലേക്ക് പോവുന്നതും നമ്മുക്ക് കാണാം.എല്ലാവരും ഓടിപ്പോയി മമ്മൂട്ടിയെ ഉടൻ തന്നെ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു. വലിയ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് അദ്ദേഹം രക്ഷപെട്ടത്.

Advertisement

മമ്മൂട്ടിക്കൊപ്പം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾക്കായി ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ ടീം ടർബോ ക്ലൈമാക്സ് ഫൈറ്റിന്റെ സെറ്റിൽ എത്തിയതും വീഡിയോയിൽ കാണാൻ സാധിക്കും. ഇതിനോടകം പന്ത്രണ്ട് ദിവസം കൊണ്ട് 65 കോടി രൂപയാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. കേരളത്തിൽ നിന്ന് 30 കോടി നേടിയ ഈ ചിത്രം വിദേശത്തു നിന്നും ഏകദേശം അത്ര തന്നെ കളക്ഷൻ നേടി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് നാലര കോടിക്ക് മുകളിലാണ് ടർബോ നേടിയ കളക്ഷൻ.

മമ്മൂട്ടി കമ്പനി 60 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം രചിച്ചത് മിഥുൻ മാനുവൽ തോമസാണ്. മമ്മൂട്ടി, രാജ് ബി ഷെട്ടി എന്നിവർക്ക് പുറമെ അഞ്ജന ജയപ്രകാശ്, ശബരീഷ് വർമ്മ, സുനിൽ, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ബിന്ദു പണിക്കർ, നിഷാന്ത് സാഗർ, ആമിന നിജാം, ജോണി ആന്റണി, ആദർശ് സുകുമാരൻ, അബിൻ ബിനോ, അബു സലിം, പ്രശാന്ത് അലക്സാണ്ടർ എന്നിവരും ടർബോയിലെ നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close