മലയാള സിനിമയെ ഏറ്റവും വലിയരീതിയിൽ ഗ്രസിച്ച ഒരു ശാപം തന്നെയാണ് വ്യാജ പ്രിന്‍റുകളുടെ ശല്യം. വ്യാജ സിഡിയും ഡിവിഡിയും പരസ്യമായി പോലും വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തോടൊപ്പം ഒരു ചിത്രമിറങ്ങി ദിവസങ്ങൾക്കകം ആ ചിത്രത്തിന്റെ മികച്ച ക്ലാരിറ്റി ഉള്ള പ്രിറ്റുകൾ വരെ പല ഓൺലൈൻ വെബ്സൈറ്റ് വഴിയും ലഭ്യമായി തുടങ്ങുന്നു.
ഇത്തരത്തിലുള്ള വ്യാജന്മാരുടെ ശല്യം അതി ജീവിച്ചാണ് ഇവിടെ പല ചിത്രങ്ങളും വിജയം നേടുന്നത്. പക്ഷെ ഭൂരിഭാഗം ചിത്രങ്ങൾക്കും അതിനു സാധിക്കാറില്ല എന്നതാണ് സത്യം.
ആ ഒരു സാഹചര്യത്തിലാണ് ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് നേടിയ വമ്പൻ വിജയത്തിന് പ്രസക്തിയേറുന്നത്. ഈ കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിയത്.
ആദ്യ ദിനം മുതൽ തന്നെ സമ്മിശ്ര അഭിപ്രായം ആണ് ചിത്രം നേടിയതും. എന്നിട്ടും ഇതിനോടകം ആറായിരത്തിൽ അധികം ഷോകൾ പിന്നിട്ടു കൊണ്ട് ഇപ്പോഴും കേരളത്തിലെ പ്രധാന പ്രദർശന കേന്ദ്രങ്ങളിൽ എല്ലാം ഈ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
ചിത്രത്തിന്റെ വ്യാജ പ്രിന്റുകളും വ്യാപകമായി തന്നെ പുറത്തെത്തിയിരുന്നു. ഇതിനെല്ലാം ഇടയിൽ ഈ ചിത്രം നേടിയ വമ്പൻ വിജയമാണ് ഇന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
കോളേജ് വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും ലക്‌ഷ്യം വെച്ചൊരുക്കിയ ഈ ചിത്രത്തിനു അവരെ തിയേറ്ററിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഇതിന്റെ വിജയ രഹസ്യം.
അതിനു വേണ്ട രീതിയിൽ ഉള്ള എല്ലാവിധ പ്രമോഷനും ചെയ്യാനും അത് വഴി ആളുകളെ തീയേറ്ററിലേക്ക് ആകർഷിക്കാനും അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു.
16 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 8 കോടിയ്ക്ക് മുകളില്‍ ചങ്ക്സിന് നേടാന്‍ കഴിഞ്ഞു.
ഒരുപാട് വ്യാജപ്രചാരണങ്ങളെ അതി ജീവിച്ചു നേടിയ വമ്പൻ വിജയം ആണ് ചങ്ക്‌സിന്റേത് എന്ന് ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ സംവിധായകൻ ഒമർ ലുലു പറഞ്ഞു.
ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിച്ച ബാലു വർഗീസ്, ഹണി റോസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എറണാകുളം പദ്മയിൽ വെച്ചാണ് ചിത്രത്തിന്റെ വിജയാഘോഷം പ്രേക്ഷകർക്കൊപ്പം നടത്തിയത്.