‘സൗദി വെള്ളക്ക’ കാണാൻ ക്ഷണിച്ച് നാലായിരത്തോളം കത്തുകൾ; പ്രൊമോഷന്‍റെ പുത്തൻ വഴി അവതരിപ്പിച്ച് സംവിധായകൻ

Advertisement

കഴിഞ്ഞ വർഷം റീലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റായ ‘ഓപ്പറേഷൻ ജാവ’യ്ക്ക് ശേഷം സംവിധായകൻ തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ ഇപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന സിനിമയാണ് ‘സൗദി വെള്ളക്ക’ എന്നാണ് ഇത് കണ്ട ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നത്. ഒരു ഫീൽ ഗുഡ് സോഷ്യൽ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസിന് മുൻപേ സംവിധായകൻ തരുൺ മൂർത്തി അവതരിപ്പിച്ച പുത്തൻ പ്രമോഷൻ രീതിയാണ് ഇപ്പോൾ വാർത്തയായി മാറിയത്. തന്റെ ചിത്രം കാണണം എന്ന അഭ്യർത്ഥനയുമായി നാലായിരത്തോളം പേർക്കാണ് ഈ സംവിധായകൻ കത്ത് എഴുതി അയച്ചത്. ആ കത്ത് ലഭിച്ച പ്രശസ്ത മാധ്യമ പ്രവർത്തകരും പല പല മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി ആളുകളും സോഷ്യൽ മീഡിയയിൽ ഈ കത്ത് പങ്കുവെക്കുകയും ചെയ്തു. സിനിമയുടെ റിലീസിന് മുന്നോടിയായി പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് സംവിധായകർ പങ്കുവയ്ക്കാറുണ്ടെങ്കിലും, മലയാള സിനിമയിൽ ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു കത്ത് പരീക്ഷണം.

തന്‍റെ ആദ്യ സിനിമയായ ഓപ്പറേഷൻ ജാവ സ്വീകരിച്ചതിലുള്ള നന്ദിയും സ്നേഹവും അറിയിച്ചു കൊണ്ടാണ് സംവിധായകന്റെ കത്ത് ആരംഭിക്കുന്നത്. അതിന് ശേഷം പുതിയ സിനിമയായ സൗദി വെള്ളക്കയുടെ വിശേഷവും, ഒപ്പം ഈ സിനിമ കാണാനായി തിയേറ്ററിലേക്കുള്ള ക്ഷണവും കത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഏതായാലും തന്റെ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി കാഴ്ച്ചവെച്ച ഈ വ്യത്യസ്ത ആശയത്തിന് വലിയ പ്രശംസയാണ് ഈ സംവിധായകൻ നേടുന്നത്. കത്തുകൾ സത്യസന്ധമാണ് എന്നതിനൊപ്പം ഒരു നൊസ്റ്റാൾജിയ കൂടി സമ്മാനിക്കുമെന്നതാണ് ഹൈലൈറ്റ്. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ചായക്കടക്കാർ, കുടുംബശ്രീ പ്രവർത്തകർ അങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള നാലായിരത്തോളം ആളുകള്‍ക്ക് ആണ് സംവിധായകന്റെ കൈപ്പടയിൽ കത്തുകൾ എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ‘സൗദി വെള്ളക്ക’ കേരളം മുഴുവൻ ഹൗസ് ഫുൾ ഷോകളുമായി മുന്നേറുകയാണ്. ബിനു പപ്പു, ലുക്മാൻ അവറാൻ, ദേവി വര്‍മ്മ, സുജിത് ശങ്കർ, ധന്യ അനന്യ, രമ്യ സുരേഷ്, വിൻസി അലോഷ്യസ്, കുര്യൻ ചാക്കോ, സജീദ് പട്ടാളം എന്നിവർ വേഷമിട്ട ഈ ചിത്രം, തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്നിവക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close