മോഹൻലാൽ- ടിനു പാപ്പച്ചൻ ചിത്രം നിർമ്മിക്കാൻ പുഷ്പ നിർമ്മാതാക്കൾ; പ്രഖ്യാപനം ഉടൻ?

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ്. ബിഗ് ബഡ്ജറ്റ് പീരീഡ് ഡ്രാമയായി ഗുസ്തിയുടെ പശ്‌ചാത്തലത്തിലാണ്‌ ഈ ചിത്രം കഥ പറയുന്നതെന്നാണ് സൂചന. ഇപ്പോൾ രാജസ്ഥാനിലെ ജയ് സാൽമീറിൽ ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡിറക്ടറായി ജോലി ചെയ്യുന്നത് പ്രശസ്ത സംവിധായകനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യനുമായ ടിനു പാപ്പച്ചനാണ്. മോഹൻലാൽ നായകനായി എത്തുന്ന ഒരു ടിനു പാപ്പച്ചൻ ചിത്രം ഉണ്ടാകുമെന്നുള്ള വാർത്തകൾ കുറെ മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ആ ചിത്രവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. അല്ലു അർജുൻ നായകനായ പാൻ ഇന്ത്യൻ ഹിറ്റായ പുഷ്പ പോലത്തെ ഒട്ടേറെ വമ്പൻ തെലുങ്ക് ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആയിരിക്കും മോഹൻലാൽ-ടിനു പാപ്പച്ചൻ ചിത്രം നിർമ്മിക്കുക എന്നാണ് സൂചന.

ഈ ചിത്രത്തിന്റെ ചർച്ചകൾ അതിന്റെ അവസാന ഘട്ടത്തിലാണ് എന്നും ഒരുപാട് വൈകാതെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാമെന്നും വാർത്തകൾ വരുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കുന്ന മോഹൻലാലിന്, അതിനു ശേഷം ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എംപുരാൻ എന്നിവയും തീർക്കാനുണ്ട്. അതിനു ശേഷമായിരിക്കും ടിനു പാപ്പച്ചൻ ചിത്രം ചെയ്യുക എന്നാണ് സൂചന. അനൂപ് സത്യൻ, വിവേക്, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ചിത്രങ്ങളും മോഹൻലാൽ കമ്മിറ്റ് ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചാവേർ ആണ് ടിനുവിന്റെ അടുത്ത റിലീസ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നിവയാണ് ടിനു പാപ്പച്ചൻ ഇതിനു മുൻപേ ഒരുക്കിയ ചിത്രങ്ങൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close