വെക്കേഷൻ അവസാനിച്ചു; ഓണ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

ഇത്തവണ ഓണം റിലീസായി 4 ചിത്രങ്ങളാണ് പ്രധാനമായും പ്രേക്ഷകരുടെ മുന്നിലെത്തിയത്. നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ അജയന്റെ രണ്ടാം മോഷണം, ദിൻജിത് അയ്യത്താൻ ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം, നവാഗതനായ അജിത് മാമ്പള്ളി ഒരുക്കിയ കൊണ്ടൽ, ഒമർ ലുലു ഒരുക്കിയ ബാഡ് ബോയ്സ് എന്നിവയാണവ. ഓണം വെക്കേഷൻ അവസാനിക്കുമ്പോൾ ഈ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

ടോവിനോ തോമസിനെ നായകനാക്കി സുജിത് നമ്പ്യാർ രചിച്ച ജിതിൻ ലാൽ ചിത്രം അജയന്റെ രണ്ടാം മോഷണമാണ് കളക്ഷൻ മുന്നിലെത്തിയത്. ടോവിനോയുടെ കരിയറിലെ ആദ്യത്തെ അൻപത് കോടി ക്ലബിലെത്തിയ ചിത്രമായ അജയന്റെ രണ്ടാം മോഷണം, ആദ്യ 13 ദിവസം കൊണ്ട് നേടിയത് ഏകദേശം 87 കോടി രൂപക്കും മുകളിലാണ് എന്നാണ് നിർമ്മാതാക്കൾ പുറത്ത് വിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ നിന്നും മാത്രം ഏകദേശം 40 കോടിയോളം നേടിക്കഴിഞ്ഞു.

Advertisement

ആസിഫ് അലിയെ നായകനാക്കി ബാഹുൽ രമേശ് രചിച്ചു ദിൻജിത്ത് അയ്യത്താൻ ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം പ്രേക്ഷകരുടെ അഭിപ്രായത്തിൽ മുന്നിലെത്തുകയും, 13 ദിവസങ്ങൾ പിന്നിടുമ്പോൾ 53 കോടിയോളം ആഗോള ഗ്രോസ് നേടുകയും ചെയ്തു. ആസിഫ് അലിയുടെ കരിയറിലെ ആദ്യ 50 കോടി ക്ലബ് ചിത്രമായി കിഷ്കിന്ധാ കാണ്ഡം മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചിത്രത്തിന്റെ കേരളാ ഗ്രോസ് 30 കോടിയിൽ എത്തിക്കഴിഞ്ഞു. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ഈ ചിത്രം നിർമ്മിച്ചത്.

ആന്റണി വർഗീസിനെ നായകനാക്കി അജിത് മാമ്പള്ളി ഒരുക്കിയ കൊണ്ടൽ ആദ്യ 10 ദിവസം കൊണ്ട് മൂന്നര കോടിയോളം ആഗോള ഗ്രോസ് നേടിയപ്പോൾ ഒമർ ലുലു ഒരുക്കിയ ബാഡ് ബോയ്സ് 2 കോടിയോളമാണ് നേടിയത്. കൊണ്ടൽ നിർമ്മിച്ചത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളും, ബാഡ് ബോയ്സ് നിർമ്മിച്ചത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവുമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close