കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ- വൈശാഖ് – ഉദയകൃഷ്ണ ടീം ഒന്നിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ഈ വരുന്ന ഒക്ടോബർ ഇരുപത്തിയൊന്നിനാണ് ഈ ചിത്രം ആഗോള റിലീസായി എത്തുന്നത്. ഇപ്പോഴിതാ ഗൾഫ് രാജ്യങ്ങളിൽ ഈ ചിത്രത്തിന് നിരോധനം ലഭിച്ചു എന്ന വാർത്തകളാണ് വരുന്നത്. യു എ ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലാണ് മോൺസ്റ്ററിനു പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാലാണ് നിരോധനം ലഭിച്ചതെന്നാണ് സൂചന. അത്തരം രംഗങ്ങളുടെ കാര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കർശനമായ സെൻസർ നിയമങ്ങളാണ് ഉള്ളത്.
അത്കൊണ്ട് തന്നെ ചില രംഗങ്ങൾ മാറ്റിയ വേർഷൻ റീസെന്സറിങ് ചെയ്യാൻ സമർപ്പിക്കുമെന്നും വാർത്തകളുണ്ട്. ഇന്നത്തോടെ ഗൾഫ് റിലീസിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതേ സമയം യു എ ഇയിൽ ഈ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുമുണ്ട്. ഖത്തർ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ് പ്രധാനമായും നിരോധനം നിലനിൽക്കുന്നത്. മലയാളത്തിൽ ഇതുവരെ ആരും അങ്ങനെ പറയാൻ ധൈര്യപ്പെടാത്ത ചില വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ എന്ന് മോഹൻലാൽ, സംവിധായകൻ വൈശാഖ് എന്നിവർ പറഞ്ഞിരുന്നു. ഇതൊരു മാസ്സ് ചിത്രമല്ല എന്നും, വളരെ വ്യത്യസ്തമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന ത്രില്ലർ ചിത്രമാണെന്നും വൈശാഖ് വെളിപ്പെടുത്തിയിരുന്നു. ഏതായാലൂം ഗൾഫ് ഒഴികെയുള്ള ആഗോള മാർക്കറ്റിൽ ഈ ചിത്രം വരുന്ന വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും.