മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമെന്ന ഖ്യാതിയും പേറി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ എംപുരാൻ ആരംഭിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാൻ. മൂന്ന് ഭാഗങ്ങളുള്ള ഈ സിനിമാ സീരിസ് രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ബ്ലോക്ക്ബസ്റ്ററായ ലൂസിഫറിന്റെ ഈ രണ്ടാം ഭാഗം ഒരുക്കുമ്പോൾ ആശീർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യൻ ഭീമന്മാരായ ലൈക്ക പ്രൊഡക്ഷന്സും കൈകോർക്കുകയാണ്. ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ ചിത്രമാണ് എംപുരാൻ. സംവിധായകൻ പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ എന്നിവരും വേഷമിടുന്നുണ്ട്.
സുജിത് വാസുദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവ് ആണ്. സ്റ്റണ്ട് സിൽവയാണ് ഇതിനു വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. ഒക്ടോബർ അഞ്ചിന് ഡൽഹിയിൽ ആരംഭിക്കുന്ന ഈ ചിത്രം അതിനു ശേഷം ലഡാക്കിൽ ആണ് ചിത്രീകരിക്കുക. വിവിധ ഷെഡ്യൂളുകളിലായി ഇന്ത്യക്ക് അകത്തും വിദേശത്തുമായി ചിത്രീകരിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ഓഗസ്റ്റ് വരെ നീളും എന്നാണ് സൂചന. അടുത്ത വർഷം അവസാനമോ 2025 ലോ ആയിരിക്കും എംപുരാൻ പ്രേക്ഷകരുടെ മുന്നിലെത്തുക. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വരും. ചിത്രത്തിന്റെ ലോഞ്ചിങ് വീഡിയോ പുറത്തു വിട്ടുകൊണ്ടാണ് ലൈക്കയുമായി കൈകോർക്കുന്ന വിവരവും, ഷൂട്ടിംഗ് ആരംഭിക്കുന്ന തീയതിയും എംപുരാൻ ടീം അറിയിച്ചത്. മലയാളത്തിലെ 100 കോടി ക്ലബിൽ കയറിയ ചിത്രമാണ് ഇതിന്റെ ആദ്യ ഭാഗമായ ലൂസിഫർ.