മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ ട്രൈലെർ അല്ലെങ്കിൽ ടീസർ, ഡിസംബർ പതിനാറിന് റിലീസ് ചെയ്യാൻ പോകുന്ന അവതാറിനൊപ്പം വന്നേക്കാമെന്ന് സൂചനയുണ്ട്. അടുത്ത വർഷം മാർച്ചിലാണ് ബറോസിന്റെ റിലീസ് പ്ലാൻ ചെയ്യുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കുന്ന ബറോസിൽ ടൈറ്റിൽ കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്നത് മായാ എന്ന പേരുള്ള ഒരു പെൺകുട്ടിയാണ്. അതുപോലെ മിന്നൽ മുരളിയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ ഗുരു സോമസുന്ദരവും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഗുരു സോമസുന്ദരം.
ബറോസിന്റെ ഡബ്ബിങ് തുടങ്ങാൻ പോവുകയാണ് എന്നാണ് അദ്ദേഹം പുറത്ത് വിട്ട അപ്‌ഡേറ്റ്. വളരെ മികച്ച രീതിയിൽ ഒരുക്കിയിട്ടുള്ള ഈ ചിത്രം എല്ലാവർക്കും ഇഷ്ടപെടുമെന്നുള്ള വിശ്വാസവും പ്രതീക്ഷയും ഗുരു സോമസുന്ദരം പങ്ക് വെക്കുന്നു. അത്പോലെ തന്നെ മോഹൻലാൽ, ഏറെ ഇഷ്ടം തോന്നുന്ന ഒരു നടനും സംവിധായകനുമാണെന്നും ഗുരു സോമസുന്ദരം കൂട്ടിച്ചേർക്കുന്നുണ്ട്. മലയാളത്തിലെ തന്റെ ഏറ്റവും പ്രീയപ്പെട്ട നടനാണ് മോഹൻലാൽ എന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വളരെ കൂൾ ആയ ഡയറക്ടർ ആണ് മോഹൻലാൽ എന്നും അത്ര മികച്ച രീതിയിലാണ് നടനായി ക്യാമറക്കു മുന്നിലും സംവിധായകനായി ക്യാമറക്കു പിന്നിലും അദ്ദേഹം ജോലി ചെയ്തതെന്നും ഗുരു സോമസുന്ദരം പറയുന്നു. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് സന്തോഷ് ശിവനാണ്.