ഒരു മഹാനടന്റെ കണ്ണുകളിലൂടെ ഒരു സിനിമ പിറവി എടുക്കുന്നു. തിരശ്ശീലയ്ക്ക് മുന്നിൽ എണ്ണമറ്റ വേഷങ്ങളെടുത്തണിഞ്ഞ മോഹൻലാൽ, സംവിധായകന്റെ കുപ്പായമണിഞ്ഞ ആദ്യ ചിത്രം. കഴിഞ്ഞ വർഷം ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ച മോഹൻലാലിന്റെ ബറോസ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായെന്ന സന്തോഷമാണ് സൂപ്പർതാരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ടീം ബറോസ് ലൊക്കേഷനിൽ നിന്നും സൈൻ ഓഫ് ചെയ്യുകയാണെന്നും, ഇനി കാത്തിരിപ്പ് തുടങ്ങുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഒപ്പം, പ്രണവ് മോഹൻലാലും, സ്പാനിഷ് താരം പാസ് വേഗയും, ക്യാമറാമാൻ സന്തോഷ് ശിവനും, നിർമാതാവ് ആന്റണി പെരുമ്പാവൂരും ഉൾപ്പെടെ താരങ്ങളും അണിയറപ്രവർത്തകരും അടങ്ങുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് പിന്നീട് ഷൂട്ടിങ് നിർത്തിവക്കേണ്ടി വന്നു. നിധി സൂക്ഷിപ്പുകാരനായ, 400 വർഷം പഴക്കമുള്ള ഒരു ഭൂതമാണ് ബറോസ്. ഇത് ഒരു ത്രീഡി ചിത്രമാണെന്നും, ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നതെന്നും സംവിധായകൻ മോഹൻലാൽ മുൻപ് വ്യക്തമാക്കിയിരുന്നു. മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും മിന്നൽ മുരളിയിലൂടെ മലയാളിക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ശ്രദ്ധേയ വേഷം ചെയ്യുന്നു. ചിത്രത്തിൽ വാസ്‌കോഡഗാമയുടെ വേഷത്തിൽ റാഫേലും, ഭാര്യയായി പാസ് വേഗയുമെത്തുമെന്നാണ് റിപ്പോർട്ടുകൾ.
This is Team Barroz signing off from the location. And now… the wait begins!#Barroz pic.twitter.com/6CaBDD9bNU
— Mohanlal (@Mohanlal) July 29, 2022
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയാണ് ബറോസിന്റെ കഥ ഒരുക്കുന്നത്. ലോക ശ്രദ്ധ നേടിയ പിയാനിസ്റ്റും സംഗീതജ്ഞനുമായ പതിനാറുകാരൻ ലിഡിയന്‍ നാദസ്വരമാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഇന്ത്യക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ധർ ഭാഗമാകുന്ന ചിത്രം, രാജ്യാന്തര സിനിമകളോട് കിടപിടിക്കുമെന്നാണ് സൂചന. സന്തോഷ് ശിവൻ ചിത്രത്തിന്റെ ഫ്രെയിമുകൾ ഒരുക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമിക്കുന്നത്.