
മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാലും, യുവതാരമായ നിവിൻ പോളിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ്. നിവിൻ പോളി ടൈറ്റിൽ വേഷത്തിലെത്തിയ ഈ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ അഭിനയിച്ചത്. വമ്പൻ ഹിറ്റായി മാറിയ ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം കേരളത്തിൽ ട്രെൻഡായി മാറുകയും ചെയ്തു. ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണിക്ക് ശേഷം മോഹൻലാൽ- നിവിൻ പോളി ടീം വീണ്ടും ഒന്നിക്കാനുള്ള ഒരുക്കത്തിലാണെന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ടീമിനെ വെച്ചൊരുക്കിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലാണ് മോഹൻലാൽ- നിവിൻ പോളി ടീമൊന്നിക്കുകയെന്ന സൂചനയാണ് ലഭിക്കുന്നത്.
ഈ വാർത്തകൾക്കു ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും സിനിമാ പ്രേമികൾക്കും ആരാധകർക്കുമിടയിൽ ഇതൊരു വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഈ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിവിൻ പോളി, അതിനു ശേഷം വിനീത് ഒരുക്കിയ തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നീ ചിത്രങ്ങളിലും, വിനീത് രചിച്ച ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലും നായകനായി അഭിനയിച്ചു. വർഷങ്ങൾക്ക് ശേഷമെന്ന ചിത്രത്തിൽ അഥിതി വേഷത്തിലും നിവിൻ പോളി അഭിനയിച്ചിട്ടുണ്ട്. ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നോബിൾ ബാബു തോമസും മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യവും ചേർന്നായിരിക്കും മോഹൻലാൽ- നിവിൻ പോളി- വിനീത് ശ്രീനിവാസൻ ചിത്രം നിർമ്മിക്കുകയെന്നാണ് വാർത്തകൾ വരുന്നത്