
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 1995 ഇൽ റിലീസ് ചെയ്ത സ്ഫടികം. അതിൽ മോഹൻലാൽ അവതരിപ്പിച്ച ആട് തോമ എന്ന മാസ്സ് കഥാപാത്രം ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും മോഹൻലാലിന്റെ അപ്രമാദിത്വം നമ്മുക്ക് കാണിച്ചു തന്നിരുന്നു. മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിക്കൊടുത്ത സ്ഫടികം ആ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുമായിരുന്നു. ഈ വരുന്ന ഫെബ്രുവരി 9 ന് 4K സാങ്കേതിയ വിദ്യയിൽ റീമാസ്റ്റർ ചെയ്ത സ്ഫടികം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. എന്നാൽ അതോടൊപ്പം വരുന്ന ഒരു സന്തോഷ വാർത്ത, ഈ വർഷം അവസാനത്തോടെ മോഹൻലാൽ- ഭദ്രൻ ടീം വീണ്ടും ഒന്നിക്കുകയാണ് എന്നതാണ്.

മോഹൻലാൽ നായകനായ ഒരു ചിത്രം താൻ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് ഫേസ്ബുക് ലൈവിൽ വന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അത് ആക്ഷനും, വൈകാരികതയും പ്രണയവും എല്ലാം നിറഞ്ഞ ഒരു ചിത്രമായിരിക്കും എന്നും, മോഹൻലാൽ എന്ന നടന്റെ കഴിവുകളെ ഉപയോഗിക്കുന്ന ഒരു ചിത്രമായിരിക്കും അതെന്നും ഭദ്രൻ പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി, ജീത്തു ജോസഫ്, പൃഥ്വിരാജ്, അനൂപ് സത്യൻ, ടിനു പാപ്പച്ചൻ, വിവേക്, ശ്യാം പുഷ്കരൻ, രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്നിവരുടെ ചിത്രങ്ങളും മോഹൻലാൽ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഏതായാലും ഭദ്രനുമായി മോഹൻലാൽ ഒന്നിക്കുമ്പോൾ സ്ഫടികം പോലെ അദ്ദേഹത്തിലെ നടനേയും താരത്തേയും ഒരേ അളവിൽ ഉപയോഗിക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്. മോഹൻലാൽ ചിത്രത്തിന് മുമ്പ് ഷെയ്ൻ നിഗം നായകനായ ഒരു ചിത്രം ഭദ്രൻ ചെയ്തേക്കുമെന്നും വാർത്തകൾ വരുന്നുണ്ട്.