ആദ്യമായി ഒരു ഇന്ത്യൻ ചിത്രം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ് എന്ന ചരിത്രത്തിനാണ് ഇപ്പോൾ തുടക്കമാകുന്നത്. അതും ഒരു മലയാള ചിത്രമാണെന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം എന്ന ചിത്രമാണ് ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. ദൃശ്യം എന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 2013 ലാണ് റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ഗ്രോസ് നേടുന്ന ചിത്രമായി മാറിയ ദൃശ്യം, അതിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ചൈനീസ്, സിംഹളീസ്, ഇൻഡോനേഷ്യൻ ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ഇതിന്റെ കൊറിയൻ റീമേക്ക് ജോലികളും പുരോഗമിക്കുകയാണെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. 2021 ഇൽ ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസ് ചെയ്യുകയും ആഗോള തലത്തിൽ തന്നെ വലിയ കയ്യടി നേടുകയും ചെയ്തു. ഇന്ത്യൻ സിനിമയിൽ തന്നെ സംഭവിച്ച ഏറ്റവും മികച്ച രണ്ടാംഭാഗം എന്നാണ് ദൃശ്യം 2 നെ പ്രേക്ഷകരും നിരൂപകരും വിശേഷിപ്പിച്ചത്.
ഈ രണ്ടാം ഭാഗവും പല ഭാഷകളിലേക്കായി റീമേക്ക് ചെയ്യപ്പെട്ടു. ഈ അടുത്തിടെയാണ് ദൃശ്യം സീരിസിന്റെ അന്താരാഷ്ട്ര റീമേക്ക് അവകാശം, മലയാളത്തിൽ ഇത് നിർമ്മിച്ച ആശീർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് വാങ്ങിയത്. അതിന് ശേഷമാണ് ദൃശ്യം സീരിസിന്റെ കൊറിയൻ, ഇംഗ്ലീഷ് റീമേക്ക് അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് വിറ്റത്. ഗൾഫ് സ്ട്രീം പിക്ചേഴ്സ്, ജോട്ട് ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് പനോരമ സ്റ്റുഡിയോസ് ഈ ചിത്രം ഹോളിവുഡിൽ റീമേക്ക് ചെയ്യാൻ പോകുന്നത്. ഈ സീരിസിൽ ഒരു മൂന്നാമത്തെ ഭാഗം കൂടെ ഉണ്ടാകുമെന്ന് സംവിധായകൻ ജീത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ വെളിപ്പെടുത്തിയിരുന്നു