മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാം ആദ്യ ഭാഗം റിലീസ് വിവരം പുറത്ത് വിട്ട് നിർമ്മാതാവ്

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ, നേര് തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്കു ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന റാം രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളും ഒരുമിച്ചു ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ചേർത്ത് 80 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ഇപ്പോഴിതാ ഇതിന്റെ ബാക്കി ഭാഗം എന്ന് ആരംഭിക്കുമെന്നും ആദ്യ ഭാഗം എന്ന് റിലീസ് ചെയ്യുമെന്നുമുള്ള വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ രമേഷ് പിള്ള. അദ്ദേഹം നിർമ്മാതാവായ ആസിഫ് അലി ചിത്രം ലെവൽ ക്രോസ്സിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് അദ്ദേഹം റാമിനെ കുറിച്ച് മനസ്സ് തുറന്നത്. ഇതിനോടകം 126 ദിവസങ്ങൾ റാം ചിത്രീകരിച്ചു എന്നും, ഇനി 52 ദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് ബാക്കിയുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഓഗസ്റ്റ് മാസത്തിൽ ടുണിഷ്യയിൽ 22 ദിവസം ചിത്രീകരിക്കുമെന്നും, അതിന് ശേഷം യു കെയിൽ 15 ദിവസത്തെ ചിത്രീകരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പിന്നീട് ചെന്നൈ, മുംബൈ, കേരളം എന്നിവിടങ്ങളിലായി ചിത്രം പൂർത്തിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാമിന്റെ ആദ്യ ഭാഗം ഈ വർഷം ക്രിസ്മസ് റിലീസായി ഡിസംബർ നാലാം വാരം റിലീസ് ചെയ്യുമെന്നും, രണ്ടാം ഭാഗം അടുത്ത വർഷം ഏപ്രിൽ/മെയ് സമയത്താണ് റിലീസ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റാം മോഹൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ തൃഷ, ഇന്ദ്രജിത് സുകുമാരൻ, സംയുക്ത മേനോൻ, ശാന്തി പ്രിയ, അനൂപ് മേനോൻ, ആദിൽ ഹുസൈൻ തുടങ്ങി ഒരുപിടി മികച്ച അഭിനേതാക്കൾ എത്തുന്നുണ്ട്. വി എസ് വിനായക് എഡിറ്റ് ചെയ്യുന്ന റാമിന് സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാം ആണ്. ജീത്തു ജോസഫ് തന്നെ രചിച്ച ഈ ആക്ഷൻ ത്രില്ലറിന് കാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close