2 ദിവസം 30 കോടി; ടർബോ ജോസ് പഞ്ചിൽ ബോക്സ് ഓഫീസ് കൊടുങ്കാറ്റ്

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ ടർബോ റിലീസ് ചെയ്ത് ആദ്യ 2 ദിനങ്ങൾ പിന്നിടുമ്പോൾ ആഗോള ഗ്രോസ് കളക്ഷൻ 30 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആദ്യ ദിനം ഈ ചിത്രം നേടിയ ആഗോള ഗ്രോസ് 17 കോടിക്ക് മുകളിലാണെന്ന് നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി പുറത്ത് വിട്ടിരുന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ച ടർബോ ആഗോള തലത്തിൽ 13 കോടിയോളം നേടിയെന്നാണ് ആദ്യ കണക്കുകൾ പറയുന്നത്. കേരളത്തിൽ നിന്ന് ആദ്യ ദിനം 6 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ടർബോ, രണ്ടാം ദിനം 4 കോടിയോളമാണ് നേടിയത്. ഗൾഫിലാണ് ഈ ചിത്രം ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. ആദ്യ ദിനം 9 കോടിക്ക് മുകളിൽ ഗൾഫിൽ നിന്ന് നേടിയ ഈ ചിത്രം രണ്ടാം ദിനവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സൗദി അറേബ്യായിൽ റെക്കോർഡ് ഓപ്പണിങ് നേടിയ ചിത്രം കൂടിയാണ് ടർബോ.

ഓസ്‌ട്രേലിയയിൽ റെക്കോർഡ് റിലീസ് നേടിയ ടർബോ ആദ്യ രണ്ട് ദിനം മികച്ച കളക്ഷൻ നേടിയപ്പോൾ റെക്കോർഡ് റിലീസ് നേടിയ യു കെയിലും മികച്ച ഗ്രോസ് ആണ് എടുത്തത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഒരു കോടിയും കടന്ന് കുതിക്കുന്ന ടർബോ വിദേശ മാർക്കറ്റിൽ നിന്നാണ് ഇപ്പോൾ കൂടുതൽ കളക്ഷൻ നേടുന്നത്. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഓവർസീസ് റിലീസാണ് ഈ ചിത്രം നേടിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ടർബോ രചിച്ചത് മിഥുൻ മാനുവൽ തോമസും സംവിധാനം ചെയ്തത് വൈശാഖുമാണ്. കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയാണ് ഈ മാസ്സ് ആക്ഷൻ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close