റെക്കോർഡ് രാത്രികാല ഷോസ്; ടർബോ കുതിപ്പുമായി മെഗാസ്റ്റാർ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ടർബോ കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. മമ്മൂട്ടി ആരാധകരെ ത്രസിപ്പിച്ച ഈ ചിത്രം ആദ്യ ദിനം മുതൽ വലിയ ഓളമാണ് തീയേറ്ററുകളിൽ സൃഷ്ടിക്കുന്നത്. ആദ്യ ദിനം കേരളത്തിൽ 224 രാത്രികാല അഡീഷണൽ ഷോകളാണ് ഈ ചിത്രം കളിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രം രചിച്ചത് മിഥുൻ മാനുവൽ തോമസും നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുമാണ്. ഏകദേശം 60 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇടുക്കിയിൽ നിന്നുള്ള ജീപ്പ് ഡ്രൈവറായ ടർബോ ജോസ് എന്ന അരുവിപ്പുറത്ത് ജോസിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ ആക്ഷൻ രംഗങ്ങളാണ്. മമ്മൂട്ടിയുടെ കിടിലൻ സംഘട്ടന രംഗങ്ങൾ ആരാധകക്ക് ആവേശം പകരുന്നുണ്ട്.

മമ്മൂട്ടിയെ കൂടാതെ അഞ്ജന ജയപ്രകാശ്, രാജ് ബി ഷെട്ടി, ശബരീഷ് വർമ്മ, സുനിൽ, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ബിന്ദു പണിക്കർ, നിഷാന്ത് സാഗർ, ആമിന നിജാം, ജോണി ആന്റണി, ആദർശ് സുകുമാരൻ, അബിൻ ബിനോ, അബു സലിം തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ക്രിസ്റ്റോ സേവ്യർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിഷ്ണു ശർമയും എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദുമാണ്. ഫീനിക്സ് പ്രഭുവാണ് ചിത്രത്തിന്റെ സംഘട്ടന സംവിധാനം നിർവഹിച്ചത്. ആഗോള തലത്തിൽ 700 നു മുകളിൽ ലൊക്കേഷനുകളിൽ റിലീസ് ചെയ്ത ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവും ഏറ്റവും വലിയ റിലീസുമാണ്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close