മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് മുരളി ഗോപി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്തു , കമ്മാര സംഭവം , ലൂസിഫർ തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം ലൂസിഫർ. നൂറു കോടി ക്ലബിൽ ഇടം നേടിയ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം എഴുതുന്ന തിരക്കിലാണ് ഇപ്പോൾ മുരളി ഗോപി. മൂന്നു ഭാഗങ്ങൾ ആണ് ലൂസിഫറിന് ഉള്ളത്. അതിൽ തന്നെ രണ്ടാം ഭാഗമായ എംപുരാൻ കോവിഡ് പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ ഈ വർഷം തുടങ്ങേണ്ട ചിത്രമായിരുന്നു എന്നും ഇനി അടുത്ത വർഷം ഈ സമയം ആകുമ്പോൾ ആണ് ഈ ചിത്രം സംഭവിക്കുക എന്നും മുരളി ഗോപി പറയുന്നു.
മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ സൂപ്പർ താരമാണ് മോഹൻലാൽ എന്നും അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ഒരുപാട് ഉണ്ടെന്നും മുരളി ഗോപി പറയുന്നു. ഒരു നടനെന്ന നിലയിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആളായി നിൽക്കുമ്പോഴും സൂപ്പർ താരമായി തിളങ്ങുമ്പോഴും കൂടെ ജോലി ചെയ്യുന്നവർക്ക് അദ്ദേഹം കൊടുക്കുന്ന കെയറും കൂടെ അഭിനയിക്കുന്നവർ ഓരോരുത്തരും നന്നാവണം എന്ന അദ്ദേഹത്തിന്റെ മനസ്സും വലിയ പാഠമാണ് എന്നാണ് മുരളി ഗോപി പറയുന്നത്. അതിഗംഭീരമായാണ് താൻ മനസ്സിൽ കണ്ട സ്റ്റീഫൻ എന്ന കഥാപാത്രത്തിന് മോഹൻലാൽ ജീവൻ പകർന്നത് എന്നും മുരളി ഗോപി പറയുന്നു. മോഹൻലാലിനൊപ്പം ഭ്രമരം, ദൃശ്യം 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് മുരളി ഗോപി. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം രചിക്കുക എന്നതും തന്റെ ആഗ്രഹമാണെന്നും എംപുരാൻ പൂർത്തിയാക്കിയാൽ പിന്നീട് എഴുതുന്നത് മമ്മൂട്ടി നായകനായ ഒരു ചിത്രമാണെന്നും അദ്ദേഹം അറിയിച്ചു. നവാഗത സംവിധായകനായ ഷിബു ബഷീർ ഒരുക്കാൻ പോകുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൌസ് ആണ് നിർമ്മിക്കുക. കമ്മാര സംഭവം ഒരുക്കിയ രതീഷ് അമ്പാട്ട് ഒരുക്കിയ തീർപ്പ് ആണ് മുരളി ഗോപി തിരക്കഥ രചിച്ചു ഇപ്പോൾ ഷൂട്ടിംഗ് പൂർത്തി ആയിരിക്കുന്ന ചിത്രം. 24 ന്യൂസിന് നൽകിയ പുതിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.