കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബി കടലിന്റെ സിംഹം ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ പന്ത്രണ്ടിന് ആണ് മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. നൂറു കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന മലയാളത്തിലെ ഈ എക്കാലത്തെയും വലിയ പ്രോജെക്ടിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ഈ ചിത്രത്തിലെ സിദ്ദിഖിന്റെ ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റു ചില ലൊക്കേഷൻ ചിത്രങ്ങൾ കൂടി പുറത്തു വന്നിരിക്കുകയാണ്. ഈ സ്റ്റില്ലുകളിൽ മെഗാ മാസ്സ് ലുക്കിൽ മരക്കാർ ആയി മോഹൻലാലിനെ നമ്മുക്ക് കാണാൻ സാധിക്കും.
സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ വൈറൽ ആയിരിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ ആയി ഏകദേശം നൂറു ദിവസം കൊണ്ട് പൂർത്തിയാവുന്ന ഈ ചിത്രം രാമേശ്വരം, ഊട്ടി എന്നിവിടങ്ങളിലും രാമോജി റാവു ഫിലിം സിറ്റിയിൽ നിർമ്മിച്ച കൂറ്റൻ സെറ്റിലും ആണ് ഷൂട്ട് ചെയ്യുക. 2020 ഇൽ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം മൊഴിമാറ്റി ഒരേ സമയം പ്രദർശനത്തിനു എത്തും. സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ, മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ , കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ഹിന്ദി നടൻ ആയ സുനിൽ ഷെട്ടി, പൂജ കുമാർ എന്നിവരും അഭിനയിക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.