
അയോധ്യ: പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും പ്രമേയമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രത്തിന് അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ പൂജാച്ചടങ്ങുകളോടെ തുടക്കമായി. ആക്ഷൻ കിങ് അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രം പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹനാണ് നിർമിക്കുന്നത്. വിരമിച്ച കരസേനാ ഉദ്യോഗസ്ഥൻ മേജർ വിജയ് ഭാർഗവാണ് തിരക്കഥ ഒരുക്കുന്നത്.
രാജ്യത്തിന്റെ ധൈര്യവും ത്യാഗവും ദേശീയ സുരക്ഷയും പ്രമേയമാക്കുന്ന ചിത്രം ഒമ്പത് ഭാഷകളിൽ പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജയോടെ തുടക്കമിടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിതെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. സംവിധായകൻ അർജുൻ സർജയും ഭാര്യ നിവേദിത അർജുനും ചടങ്ങിൽ പങ്കെടുത്തു.
പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ സൈനികരുടെ ജീവിതവും ത്യാഗവും രാജ്യത്തിന്റെ പ്രതികരണവും സിനിമയിൽ അവതരിപ്പിക്കും. യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ചിത്രത്തിൽ വൈകാരികതയ്ക്കും ആധികാരികതയ്ക്കും പ്രാധാന്യം നൽകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരും മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കും. 2027 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പേരും മറ്റ് താരങ്ങളുടെ വിവരങ്ങളും പിന്നീട് പ്രഖ്യാപിക്കും.