മലയാള സിനിമയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്ന യുവ നടൻ ആണ് ബിബിൻ ജോർജ്. ഒരു പഴയ ബോംബ് കഥ എന്ന ഷാഫി ചിത്രത്തിലൂടെ നായകനായി എത്തി കയ്യടി നേടിയ ബിബിൻ പിന്നീട് ഒരു യമണ്ടൻ പ്രേമ കഥ എന്ന ചിത്രത്തിൽ ദുൽഖറിന്റെ വില്ലനായും എത്തി. ഇപ്പോൾ ബിബിൻ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമായ മാർഗം കളി റിലീസിന് ഒരുങ്ങുകയാണ്. നടൻ മാത്രമല്ല സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവ് കൂടിയാണ് ബിബിൻ. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ചേർന്ന് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമ കഥ എന്നീ ചിത്രങ്ങൾ രചിച്ചത് ബിബിൻ ആണ്. മാർഗം കളി എന്ന ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചതും ബിബിൻ ആണ്. ഇപ്പോഴിതാ താൻ നടൻ ആയി എത്താനുള്ള കാരണം മോഹൻലാൽ ആണെന്ന് പറയുകയാണ് ബിബിൻ.
കുട്ടിക്കാലം തൊട്ടേ ലാലേട്ടന്റെ കടുത്ത ആരാധകൻ ആണ് താനെന്നും അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് നടൻ ആവണം എന്നുള്ള ആഗ്രഹം തോന്നിയത് എന്നും ബിബിൻ പറയുന്നു. ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുമ്പോൾ വരെ ലാലേട്ടനെ അനുകരിച്ചായിരുന്നു തന്റെ ശരീര ഭാഷ പോലും എന്നും ബിബിൻ ഓർത്തെടുക്കുന്നു. എന്നാൽ ഒരു നടൻ ആവണം എങ്കിൽ മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കണം എന്ന സുഹൃത്തിന്റെ വാക്കുകൾ ആണ് ലാലേട്ടന്റെ മാനറിസങ്ങൾ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത് എന്നും ബിബിൻ ജോർജ് പറയുന്നു. ഏതായാലും കടുത്ത മോഹൻലാൽ ആരാധകൻ ആയ ബിബിൻ ലാലേട്ടനെ നായകനാക്കി ഒരു ചിത്രം രചിക്കുമോ എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ. മോഹൻലാലിനൊപ്പം വെള്ളിത്തിരയിൽ ബിബിനെ കാണാനും അദ്ദേഹത്തെ സ്നേഹിക്കുന്ന പ്രേക്ഷകർ കാത്തിരിക്കുകയാണ്.