തമിഴ് സിനിമയെ ത്രസിപ്പിക്കുന്ന മലയാളിപ്പെരുമ; അഭിനന്ദന പ്രവാഹം തുടരുന്നു.

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളാണ് മലയാള സിനിമയിലുള്ളതെന്നത് പരസ്യമായ രഹസ്യമാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ വമ്പൻ ഇന്ഡസ്ട്രികളിലെ പല പ്രമുഖ നടന്മാരും സാങ്കേതിക പ്രവർത്തകരും ഇതിഹാസ തുല്യരായവരും പല തവണ നേരിട്ടും അല്ലാതെയും സൂചിപ്പിച്ചിട്ടുള്ള വസ്തുതയാണിത്. കോവിഡ് കാലഘട്ടം മുതൽ ഒടിടിയിലൂടെ ക്ലാസിക് മലയാള ചിത്രങ്ങൾ കൂടി അന്യ ഭാഷാ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിത്തുടങ്ങിയതോടെ, ഇന്ത്യയൊട്ടാകെയുളള സിനിമ പ്രേമികളും, നിരൂപകരും ഇതേ കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്. ഇപ്പോഴിതാ അതിന് അടിവരയിട്ടു കൊണ്ട് മലയാളി പെരുമ തമിഴ് സിനിമയെ ത്രസിപ്പിക്കുന്നതാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. തമിഴിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങളിൽ വരെ മലയാളി സാന്നിധ്യമാണ് ശ്രദ്ധ നേടുന്നതും കയ്യടി നേടുന്നതും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴിൽ തരംഗമായി നിൽക്കുന്നത് ഫഹദ് ഫാസിൽ, മോഹൻലാൽ, വിനായകൻ എന്നിവരാണെന്നു പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. അത്ര ആഘോഷമായാണ് തമിഴ് പ്രേക്ഷകർ മലയാളത്തിന്റെ ഈ അതുല്യ പ്രതിഭകളെ കൊണ്ടാടുന്നത്. മാരി സെൽവരാജ് ഒരുക്കിയ മാമന്നൻ എന്ന ചിത്രത്തിലെ വില്ലനായുള്ള പ്രകടനമാണ് ഫഹദ് ഫാസിലിന് വമ്പൻ മൈലേജ് കൊടുക്കുന്നതെങ്കിൽ, രജനികാന്ത്- നെൽസൺ ദിലീപ്കുമാർ ചിത്രം ജയിലറിലെ വില്ലൻ വേഷമാണ് വിനായകന് അഭിനന്ദന പ്രവാഹമൊരുക്കുന്നത്.

Advertisement

ജയിലറിൽ വെറും പത്ത് മിനിറ്റിൽ താഴെയുള്ള അതിഥി വേഷം കൊണ്ടാണ് മോഹൻലാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. ആ മോഹൻലാൽ കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു മുഴുനീള ചിത്രം വേണമെന്ന ആവശ്യം തമിഴ് പ്രേക്ഷകർ വരെ പങ്ക് വെക്കുന്ന കാഴ്ച ഓരോ മലയാളിക്കും മലയാള സിനിമക്കും അഭിമാനമായി മാറുകയാണ്. ഫഹദിന്റെ രത്നവേലും മോഹൻലാലിന്റെ മാത്യുവും വിനായകന്റെ വർമ്മയും സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുമ്പോൾ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു വീശുന്നത് മലയാളിപ്പെരുമയുടെ കൊടുങ്കാറ്റാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close