ജിം കെനിയായി മോഹൻലാൽ; റോഡ് മൂവിയുമായി സ്ഫടികം ടീം

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കരിയറിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം. 1995 ഇൽ റിലീസ് ചെയ്ത് ആ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാസ്സ് ചിത്രങ്ങളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. ഇന്നും മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മാസ്സ് കഥാപാത്രമേതെന്ന ചോദ്യത്തിന് ഈ ചിത്രത്തിലെ ആട് തോമ എന്ന മോഹൻലാൽ കഥാപാത്രമാണുത്തരം. സ്ഫടികം റിലീസ് ചെയ്ത് 28 വർഷങ്ങൾ പിന്നിടുമ്പോൾ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിൽ റീമാസ്റ്റർ ചെയ്ത ഇതിന്റെ 4 കെ വേർഷൻ റിലീസ് ചെയ്യാൻ പോവുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി ഒൻപതിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ മോഹൻലാലിനോടൊപ്പം വീണ്ടുമൊരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഭദ്രൻ.

ഇതൊരു മാസ്സ് റോഡ് മൂവി ആയിരിക്കുമെന്നാണ് ഭദ്രൻ പറയുന്നത്. ജിം കെനി എന്നാണ് ഇതിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേരെന്നും, മോഹൻലാൽ എന്ന നടന്റെ അഭിനയ മികവിനെ ഉപയോഗിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും ഭദ്രൻ പറയുന്നു. ജൂതൻ എന്നൊരു ചിത്രമാണ് ഇനി ഭദ്രൻ ചെയ്യാൻ പോകുന്നത്. അതിന് ശേഷമായിരിക്കും ഈ മോഹൻലാൽ ചിത്രം അദ്ദേഹം ചെയ്യുക. ഈ വർഷം അവസാനമോ അല്ലെങ്കിൽ, അടുത്ത വർഷം ആദ്യമോ മോഹൻലാൽ ചിത്രം തുടങ്ങാനുള്ള പ്ലാനിലാണ് ഭദ്രൻ. മോഹൻലാൽ നായകനായ അങ്കിൾ ബൺ, ഒളിമ്പ്യൻ അന്തോണി ആദം, ഉടയോൻ തുടങ്ങിയ ചിത്രങ്ങളും ഭദ്രൻ ഒരുക്കിയിട്ടുണ്ട്. ഷെയ്ൻ നിഗം നായകനായ ഒരു ചിത്രവും ഭദ്രൻ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close