മഴയത്ത് സാഹസികമായ സ്ലാക്ക്ലൈനിംഗുമായി പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറൽ

Advertisement

മലയാളത്തിന്റെ യുവ താരങ്ങളിലൊരാളായ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന അടുത്ത ചിത്രം ഏതെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രണവ് ആരാധകരും മലയാള സിനിമാ പ്രേമികളും. പ്രണവ് നായകനായി എത്തിയ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരുന്നു. ഹൃദയം റിലീസ് ചെയ്തതിനു ശേഷം കൂടുതലും യാത്രകളിലായിരുന്നു ഈ യുവതാരം. സാഹസികതയും യാത്രകളും വായനയും എല്ലാമായി മുന്നോട്ടു പോകുന്ന പ്രണവിന്റെ ഏറ്റവും പുതിയ സാഹസിക വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പ്രണവ് തന്നെയാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്ക് വെച്ചത്. കോരിച്ചൊരിയുന്ന മഴയത്ത് അതിസാഹസികമായി സ്ലാക്ക്ലൈനിംങ് ചെയ്യുന്ന പ്രണവിനെയാണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്.

കയര്‍ കെട്ടി നടത്തം എന്ന സ്ലാക്ക്ലൈനിംഗ് നടത്തുന്ന തന്‍റെ വീഡിയോ നേരത്തെയും പ്രണവ് പങ്കു വെച്ചിട്ടുണ്ട്. സാഹസികതയുടെ പര്യായമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ ആരാധകർ അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹൻലാൽ. അതിസാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ സ്‌ക്രീനിൽ ചെയ്ത് കയ്യടി നേടുന്ന പ്രണവ്, ആദി എന്ന തന്റെ ആദ്യ ചിത്രത്തിലെ അതിഗംഭീര സംഘട്ടന രംഗങ്ങളിലൂടെ തന്നെ യുവ പ്രേക്ഷകരെ തന്റെ ആരാധകരാക്കി മാറ്റി. പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ്, സ്‌കേറ്റിങ് എന്നിവയിൽ വിദഗ്ദ്ധനായ പ്രണവ് മോഹൻലാൽ പങ്ക് വെക്കുന്ന സാഹസിക വീഡിയോകൾക്ക് വലിയ ആരാധകവൃന്ദമാണുള്ളത്. മെരിലാൻഡ് സിനിമാസ് നിർമ്മിച്ച് ബേസിൽ ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ ഇനി നായകനായി എത്തുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന ഒരു ചിത്രം കൂടി പ്രണവ് ചെയ്യുമെന്നും വാർത്തകൾ വന്നിരുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close