
മലയാളത്തിൻ്റെ സ്വന്തം കംപ്ലീറ്റ് ആക്റ്റർ മോഹൻലാലും , തമിഴകത്തിൻ്റെ ‘നടിപ്പിൻ നായകൻ ‘സൂര്യയും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.തമിഴിലെ സൂപ്പർ സംവിധായകനും സിനിമാട്ടോഗ്രാഫറുമൊക്കെയായ കെ.വി ആനന്ദാണ് ഇരു സൂപ്പർ താരങ്ങളെയും കോർത്തിണക്കി ഈ ചിത്രം സംവിധാനം ചെയുന്നത്. നിർമ്മാണം കത്തി , 2.0 എന്നി സൂപ്പർഹിറ്റുകൾ നിർമ്മിച്ച ലൈക്ക പ്രൊഡക്ഷൻസും. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തെ കുറിച്ച് നിർണായകമായ ഒരു വിവരം പുറത്തായിരിക്കുന്നു.
മോഹൻലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഒരുങ്ങുന്നത് നൂറു കോടി ബജറ്റിലായിരിക്കുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. ഇരുതാരങ്ങളെയും കൂടാതെ തെലുഗ് നടൻ അല്ലു സിരിഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അല്ലു സിരിഷ് നേരെത്തെ മോഹൻലാലിനോടൊപ്പം മേജർ രവി ചിത്രമായ 1971 – ബിയോണ്ട് ബോർഡേഴ്സൽ അഭിനയിച്ചിരുന്നു.
കെ.വി ആനന്ദിനൊപ്പം മോഹൻലാൽ ഒരു ചിത്രത്തിൽ വർക്ക് ചെയ്യുന്നത് നീണ്ട 24 വർഷത്തെ ഇടവേളക്ക് ശേഷമാണ് . പ്രിയദർശൻ സംവിധാനം ചെയ്ത 1994ൽ പുറത്തിറങ്ങിയ തേന്മാവിൻ കൊമ്പത്തായിരുന്നു ഇരുവരും മുൻപ് ഒരുമിച്ച ചിത്രം. ചിത്രത്തിലെ ഛായാഗ്രഹണത്തിനു കെ.വി ആനന്ദ് നാഷണൽ അവാർഡ് നേടിയിരുന്നു.
ആർ. ടി നേശനൊരുക്കിയ ജില്ലാ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ഒരു തമിഴ് ചിത്രത്തിലഭിനയിക്കുന്നതും ഇതാദ്യം. പുലിമുരുകൻ്റെ വൻ വാണിജ്യ വിജയത്തോടെ സൗത്ത് ഇന്ത്യ ഒട്ടാകെ തൻ്റെ താരമൂല്യം ഉയർത്തിയ മോഹൻലാലിന് ഏറെ പ്രതീക്ഷയുള്ള ബ്രഹ്‌മാണ്ഡ പ്രൊജക്റ്റാണ് ഈ കെ.വി ആനന്ദ് ചിത്രം. അജോയ് വർമ്മ ഒരുക്കുന്ന നീരാളി , ശ്രീകുമാർമേനോൻ്റെ ബിഗ് ബജറ്റ് ഫാന്റസി മൂവി ഒടിയൻ എന്നിവയാണ് മോഹൻലാലിൻ്റെതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ