ഓസ്കാർ അവാർഡുകൾ ഇത്തവണ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇരു ചിത്രങ്ങൾക്കും സാധിക്കട്ടെ; മരക്കാരിനും ജയ് ഭീമിനും ആശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്..!

Advertisement

ഇത്തവണത്തെ ഓസ്കാർ അവാർഡിനായി ആദ്യ ഘട്ടത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട 276 ചിത്രങ്ങളിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചത് ഒരു മലയാള ചിത്രവും ഒരു തമിഴ് ചിത്രവുമാണ്. മലയാളത്തിൽ നിന്ന് മോഹൻലാൽ നായകനായ ചരിത്ര സിനിമ മരക്കാർ ആണെങ്കിൽ, തമിഴിൽ നിന്ന് സൂര്യ നായകനായ സോഷ്യൽ- കോർട്ട് റൂം ഡ്രാമ ആയ ജയ് ഭീം ആണ് ആ ലിസ്റ്റിൽ ഇടം നേടിയത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ചിത്രമാണ്. മൂന്നു ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡും നേടിയ മരക്കാർ കഴിഞ്ഞ ഡിസംബറിൽ ആണ് റിലീസ് ചെയ്തത്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം ആമസോൺ പ്രൈം റിലീസ് ആയെത്തി വലിയ കയ്യടി നേടിയ ചിത്രമാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്ത മരക്കാർ ചരിത്ര കഥാപാത്രമായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് പറഞ്ഞത്. ഏതായാലും ഇപ്പോൾ നമ്മുക്ക് അഭിമാനമായി മാറിയ ഈ ചിത്രങ്ങളുടെ നേട്ടത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, ഈ വർഷത്തെ ഓസ്കാർ നോമിനേഷനിൽ ഇന്ത്യയിൽ നിന്നുള്ള സിനിമകളിൽ അന്തിമ ലിസ്റ്റിൽ ജയ് ഭീം,മരക്കാർ എന്നീ സിനിമകൾ ഇടം പിടിച്ചത് അഭിമാനകരമാണ്. രാഷ്ട്രീയവും ചരിത്രവുമായി വ്യത്യസ്തവും ശക്തവുമായ പ്രമേയങ്ങൾ കൈകാര്യം ചെയ്ത രണ്ട് ചിത്രങ്ങളും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണെന്നതും കൗതുകകരമാണ്. മലയാളം തമിഴ് ചലച്ചിത്ര മേഖലകളെ ഇന്ത്യൻ സിനിമയുടെ മുഖ്യധാരയിലേക് കൂടുതൽ ഉയർത്താൻ ഈ അവസരം സഹായകരമാകും. സി.പി.ഐ.(എം) സഹയാത്രികനായ ജസ്റ്റിസ്.കെ.ചന്ദ്രുവിന്റെ ഒറ്റയാൻ പോരാട്ടങ്ങളിലൂടെയും സി.പി.ഐ.(എം) – ന്റെ രാഷ്ട്രീയ ഇടപെടലുകളിൽ കൂടിയും അധസ്ഥിത ജനതയുടെ നീതിക്കായി പോരാടിയ യഥാർത്ഥ ചരിത്രത്തിൻ്റെ കഥ പറഞ്ഞ ജയ് ഭീം ഇതിനകം തന്നെ ലോക സിനിമാ നിരൂപകരുടെ ശ്രദ്ധയും അഭിനന്ദനങ്ങളും പിടിച്ചു പറ്റിയതാണ്. ഏറെ കാലത്തിന് ശേഷമാണ് ഒരു മലയാള സിനിമ ഓസ്കാർ നോമിനേഷൻ അന്തിമ ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ഇതിനകം ദേശീയ അവാർഡ് കരസ്ഥമാക്കിയ മരക്കാർ എന്ന സിനിമയും സിനിമാ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ച മലയാള ചിത്രമാണ്. സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. ഓസ്കാർ അവാർഡുകൾ ഇത്തവണ ഇന്ത്യയിലേക്ക് കൊണ്ടു വരാൻ ഇരു ചിത്രങ്ങൾക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close