മലയാളികളുടെ പ്രിയങ്കരനായ ഗായകനാണ് എം. ജി. ശ്രീകുമാർ. വർഷങ്ങളോളം നീണ്ട സംഗീത സപര്യയിൽ എം. ജി. ശ്രീകുമാർ നൂറുകണക്കിന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അതിൽ തന്നെ മോഹൻലാലിന് വേണ്ടി അദ്ദേഹം ആലപിച്ച ഗാനങ്ങളെല്ലാം വലിയ ഹീറ്ററുകളുമായി മാറിയിരുന്നു. ദേശീയ സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ എം. ജി. ശ്രീകുമാർ പിന്നീട് സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ ഒരുക്കിയ ചിത്രമായ അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത സംവിധായകനായത്. അർദ്ധനാരി എന്ന ചിത്രത്തിലൂടെ നിർമ്മാതാവായും അദ്ദേഹം അരങ്ങേറിയിരുന്നു. ഇപ്പോഴിതാ എം. ജി ശ്രീകുമാർ ഒരേസമയം സംഗീത സംവിധാനവും അഭിനയവും ആലാപനവും ചെയ്തിരിക്കുകയാണ്.
ഹാജ മൊയ്നു സംവിധാനം ചെയ്ത സ്‌കൂൾ ഡയറീസ് എന്ന ചിത്രത്തിന് വേണ്ടിയാണ് എം. ജി ശ്രീകുമാറിന്റെ ഈ മനോഹര ഗാനം. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സ്‌കൂളിലെ ഒരു ഗാനമാണ് കാണിക്കുന്നത്. എം. ജി ശ്രീകുമാർ വേദിയിൽ ഗാനം ആലപിക്കുന്നതാണ് രംഗം. അമ്മയാണ് ആത്മാവിന് താളം എന്ന് തുടങ്ങുന്ന ഗാനം അക്ഷരമാലയിൽ ചിട്ടപ്പെടുത്തിയ വരികളാൽ മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ മനോഹര ഗാനമാണ് ചിത്രത്തിൽ എം. ജി ശ്രീകുമാർ ആലപിച്ചിരിക്കുന്നത്. ഹാജ മൗണ് തന്നെയാണ് ചിത്രത്തിലെ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും. നവാഗതരെ അണിനിരത്തിയൊരുക്കിയ ചിത്രം മസ്കറ്റ് മൂവി മേക്കേഴ്സിന് വേണ്ടി അൻവർ സാദത്ത് നിർമ്മിച്ചിരിക്കുന്നു ചിത്രം മെയ് 11 ന് തീയറ്ററുകളിൽ എത്തും.